സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ, മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം നിർവ്വഹിക്കാൻ ഇനി അദ്ദേഹത്തിന് സാധിക്കില്ലെന്നും എന്നാൽ പിണറായി മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെടില്ലെന്നും അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു.
കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് പിണറായി വിജയന് ഒത്താശ ചെയ്യുന്ന തരത്തിലുള്ള പോക്രിത്തരമാണെന്ന് ഷോൺ കുറ്റപ്പെടുത്തി. കോൺഗ്രസ് മന്ത്രിസഭയിലുള്ള മൂന്ന് പേർ വൻതുക കൈപ്പറ്റിയിട്ടുണ്ടെന്നും അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചാൽ കോൺഗ്രസും വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവനുസരിച്ചാണ് കേസിൽ വിജിലൻസ് രണ്ട് എഫ്ഐആറുകൾ ഇട്ടത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിലും കുഴൽപ്പണ ഇടപാട് ആരോപണത്തിലുമുള്ള രണ്ട് കേസുകളിലും വീണ ടി പ്രതിയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസുകളിലൊന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്; മുഹമ്മദ് റിയാസും ഒരു കേസിൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.





