തിരുവനന്തപുരം: ഇഎസ്ഐ പരിരക്ഷയുള്ള ആശുപത്രികളിൽ ഒരു സാമ്പത്തിക വർഷം ലഭിക്കുന്ന ചികിത്സയ്ക്ക് 10 ലക്ഷം രൂപ പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ഈ തുകയ്ക്ക് മുകളിലുള്ള തുടർചികിത്സയ്ക്ക് ഇഎസ്ഐ കോർപ്പറേഷൻ പത്തിലധികം കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതാണ് ക്യാൻസർ, ഹൃദ്രോഗ ബാധിതർക്ക് മരുന്നുകൾ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്. ചികിത്സ ആരംഭിക്കുമ്പോൾ തന്നെ ആശുപത്രികളിലെ ട്യൂമർ ബോർഡ് അനുമതി, സർക്കാർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ്, ഇഎസ്ഐക്ക് കീഴിലുള്ള ആശുപത്രികളുടെ സാക്ഷ്യപത്രം എന്നിവയുൾപ്പെടെ നിരവധി രേഖകൾ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ട്യൂമർ ബോർഡുകൾ ഇല്ലാത്തതും, പുറത്തുനിന്ന് ചികിത്സ തേടുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തതും രോഗികളെ വലയ്ക്കുന്നു.
ചികിത്സയുടെ മറവിൽ വൻതോതിൽ തട്ടിപ്പുകൾ നടക്കുന്നത് തടയാനാണ് നിയന്ത്രണങ്ങളെന്നാണ് ഇഎസ്ഐ കോർപ്പറേഷന്റെ വിശദീകരണം. അതേസമയം, പുതിയ മാനദണ്ഡങ്ങൾ പിൻവലിച്ച് മുൻപത്തെപ്പോലെ തടസ്സമില്ലാതെ ചികിത്സ ലഭ്യമാക്കണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു.





