കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ. ഇഡി ചമച്ച വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ കേസെന്നും ജനാധിപത്യപരമായ സാമാന്യ നീതിയുടെ നിഷേധമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണിപ്പെടുത്തിയാണ് നാലുപേരുടെ മൊഴി ഇഡി രേഖപ്പെടുത്തിയതെന്നും ഇക്കാര്യം അവർ ഇഡി ഡയറക്ടർക്കും റീജിയണൽ ഡയറക്ടർക്കും സത്യവാങ്മൂലത്തിലൂടെ മുൻപ് നൽകിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. എന്നാൽ, ഈ വസ്തുതകൾ പരിഗണിക്കാതെ ഇഡിയുടെ റിപ്പോർട്ടും രാഷ്ട്രീയ വേട്ട ലക്ഷ്യമിട്ടുള്ള ഷാജഹാന്റെ ഹർജികളും മാത്രം മുഖവിലക്കെടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയും വി.ഡി. സതീശനും ചെയ്യുന്നതുപോലെ ആരെയും കേൾക്കാതെ തീരുമാനങ്ങളെടുക്കുന്നത് ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. മോദിക്ക് കൂട്ട് ഇപ്പോള്‍ വി ഡി ആണല്ലോ. അത് ഇഡിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട് ജയരാജൻ കൂട്ടിച്ചേർത്തു.





