തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിലും തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജ്ജിലും പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി. ജോയ് എംഎൽഎയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ സഭയിൽ പരസ്പരം വെല്ലുവിളിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിന് നേരെ മെൻസ് ഹോസ്റ്റലിൽ നിന്ന് കൂക്കിവിളിയും കല്ലും ബിയർ കുപ്പികളും എറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഹോസ്റ്റലിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളല്ലെന്നും ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം എവിടെ നിന്ന് ആരംഭിക്കണമെന്ന് സംഘാടകരാണ് നിശ്ചയിക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ എന്തിനാണ് എതിർക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാരും പോലീസും ഒത്താശ ചെയ്ത് സർവ്വകലാശാല ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയെന്ന് ആരോപിച്ച വി. ജോയ്, വിദ്യാർത്ഥികളെ തല്ലിയൊടിച്ച പോലീസിന്റെ പൊട്ടിയ ലാത്തി സഭയിൽ ഉയർത്തിക്കാട്ടി. കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിന്ന് ഹോസ്റ്റലിലേക്ക് പന്തങ്ങൾ വലിച്ചെറിഞ്ഞെന്നും ഫയർഫോഴ്സ് എത്തിയതുകൊണ്ടാണ് കുട്ടികൾ രക്ഷപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിനെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെയും വിദ്യാർത്ഥികളെയും പോലീസ് മൃഗീയമായി മർദ്ദിച്ചതായി ആരോപിച്ച ജോയ്, പോലീസുകാരെ കൊല്ലുമെന്ന് പറഞ്ഞതായി തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാമെന്ന് മന്ത്രിയെ വെല്ലുവിളിച്ചു.





