തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിജിലൻസിന്റെ നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസെങ്കിൽ, കുഴൽപ്പണ ഇടപാട് ആരോപണത്തിലാണ് രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ വീണ ടി രണ്ടാം പ്രതിയുമാണ്. അതേസമയം, മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന കുഴൽപ്പണ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളും ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ട്.
രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും വീണ പ്രതിയായിരിക്കെ, പിണറായി വിജയനും മുഹമ്മദ് റിയാസും ഓരോ കേസിൽ വീതമാണ് ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിനായി വിജിലൻസ് പ്രത്യേക സംഘത്തെ ഉടൻ രൂപീകരിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്.





