കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ കാറപകടക്കേസിലെ പത്തൊമ്പതുകാരനായ പ്രതി സുഹൈലിന് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. നെടുമ്പാശേരി കോർട്ട് യാർഡ് ബൈ മാരിയറ്റ്, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നീ ബാറുകൾക്കെതിരെയാണ് നടപടി.
കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങാനും കഴിക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സായിരിക്കെ, 19 വയസ്സ് മാത്രമുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് കേസ് എടുത്തത്. പ്രതി ഈ ബാറുകളിലെത്തി മദ്യപിച്ചതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് വൈറ്റിലയിലെ ദയാ ബാറിലെത്തിയാണ് പ്രതി ആദ്യം മദ്യപിച്ചത്. തുടർന്ന് വൈകിട്ട് പാലാരിവട്ടത്തെ മൺസൂൺ എംപ്രസിലും രാത്രി നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റിലും എത്തി മദ്യം കഴിച്ച ശേഷമാണ് പ്രതി വാഹനം ഓടിച്ചതും അപകടമുണ്ടാക്കിയതും. അപകടസമയത്ത് കാർ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് സുഹൈൽ മൊഴി നൽകിയിട്ടുണ്ട്.





