തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബവും ഹൈക്കോടതിയെ സമീപിക്കുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ലെന്നും അത് അടിയന്തരമായി റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കോടതി ഹർജി പരിഗണിക്കാൻ അനുവദിച്ചാൽ പിണറായി വിജയനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാജരാകും.
വിഷയത്തിൽ ആകെ നാല് വ്യത്യസ്ത റിട്ട് അപ്പീലുകളാണ് സമർപ്പിക്കുന്നത്. പിണറായി വിജയന് പുറമെ മകൾ വീണ, മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ്, നിഖിൽ എന്നിവർ വെവ്വേറെ അപ്പീലുകൾ നൽകും. കേസിലെ മറ്റ് പ്രതികളായ വാരിസ്, നന്ദുലാൽ, ഷൈജൽ എന്നിവർ സംയുക്തമായി മറ്റൊരു അപ്പീലും ഇന്ന് ഉച്ചയ്ക്ക് മുൻപ് കോടതിയുടെ മുന്നിലെത്തിക്കാനാണ് ശ്രമം.
സംസ്ഥാന ഡിജിപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നേരത്തെ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.





