കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐയോട് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ രണ്ടുതവണ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ചിന്റെ സുപ്രധാന നിർദേശം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കണമെന്നും മരണത്തിൽ ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങൾ വിശദമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
2018-ലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരണപ്പെടുന്നത്. അപകടത്തിൽ തുടക്കം മുതൽ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും, അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നുമാണ് മുൻപ് സിബിഐ സമർപ്പിച്ച റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ സിബിഐയുടെ കണ്ടെത്തലുകൾ അംഗീകരിക്കാതെ, അപകടസ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.





