കോട്ടയം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ കുറ്റക്കാരനാണെന്ന് വ്യക്തമായെന്നും ആ പദവിയുടെ മാന്യത കാത്തുസൂക്ഷിക്കാൻ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പിണറായി വിജയനെതിരെ കേസെടുത്ത് സമഗ്രാന്വേഷണം നടത്താൻ സർക്കാരിന് മുന്നിൽ യാതൊരു തടസ്സങ്ങളുമില്ലെന്നും, സദുദ്ദേശ്യമുണ്ടെങ്കിൽ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുന്നത് ഭയം കാരണമാണെന്നും, കേസ് എടുക്കാൻ വൈകിയാൽ ബിജെപി തെരുവിലിറങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഒരു നേതാവും കരിമണൽ കമ്പനികൾക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു കൊടുത്തിട്ടില്ലാത്തതിനാൽ ബിജെപിക്ക് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പിണറായി വിജയൻ ജയിലിലായാൽ പോലും സിപിഐഎം അദ്ദേഹത്തെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.





