തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ. വകുപ്പിൽ യാതൊരുവിധ മത്സരങ്ങളോ പോരോ നിലനിൽക്കുന്നില്ലെന്നും, വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
മാലിന്യ സംസ്കരണ പദ്ധതികളുടെ മേൽനോട്ടവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും ദിവ്യ എസ് അയ്യരും തമ്മിൽ കടുത്ത ഭിന്നതയിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
യാഥാർഥ്യം ഇതായിരിക്കെ സങ്കൽപ്പങ്ങളാണ് വാർത്തകളായി പ്രചരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് നിലവിലെ പോരെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.





