പാലക്കാട്: സംസ്ഥാനത്തിന് എയിംസ് അനുവദിക്കില്ലെന്ന വാശിയിലാണ് കേന്ദ്ര സർക്കാരെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. എയിംസ് സംസ്ഥാനത്ത് ഒരിടത്തും വരില്ലെന്ന തരത്തിലുള്ള സൂചനകളാണ് സുരേഷ് ഗോപി നൽകുന്നതെന്നും, ഇനി ഈ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് വോട്ട് ചോദിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രത്തിന് ഉടൻ വിശദമായ കത്തയക്കും.
കേരളത്തിൽ എവിടെ എയിംസ് അനുവദിച്ചാലും സ്വീകരിക്കാൻ തയ്യാറാണെന്നും സ്ഥലം കണ്ടെത്തി നൽകാത്തതുകൊണ്ടല്ല കേന്ദ്രം പദ്ധതി വൈകിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ എംപിമാരുടെ ആവശ്യം ന്യായമാണെന്നും എയിംസ് അനുവദിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിരുന്നതാണ്.
ഉപരാഷ്ട്രപതി കേരളത്തിൽ എത്തിയപ്പോഴും എയിംസ് ഉറപ്പായും ഉണ്ടാകുമെന്ന നിലപാടാണ് വ്യക്തമാക്കിയത്. എന്നാൽ ഒരു കാരണവശാലും കേരളത്തിന് ഇത് നൽകില്ലെന്ന പിടിവാശി എവിടം വരെ പോകുമെന്ന് നോക്കാമെന്ന് വ്യക്തമാക്കിയ മന്ത്രി, ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്ര സർക്കാർ മാനിക്കണമെന്നും ആവശ്യപ്പെട്ടു.





