തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിനൊപ്പം തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കും, കന്യാകുമാരി തീരത്ത് 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് പ്രവചനം.





