തിരുവനന്തപുരം: ഇൻ്റർനെറ്റിലൂടെ കസ്റ്റമർ കെയർ നമ്പറുകൾ തിരയുന്നവരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്. വിവിധ ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയുടെ പേരിൽ സൈബർ തട്ടിപ്പുകാർ വ്യാജ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഓൺലൈനിൽ പ്രചരിപ്പിച്ച് ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും കൈക്കലാക്കുന്നത് വർദ്ധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
സഹായം തേടി ആളുകൾ ഇത്തരം വ്യാജ നമ്പറുകളിൽ വിളിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൾ കണക്റ്റാകില്ല. എന്നാൽ ഉടൻതന്നെ കസ്റ്റമർ സപ്പോർട്ട് പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഇരകളെ തിരിച്ചുവിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണുകളിൽ സ്ക്രീൻ ഷെയറിംഗ് അല്ലെങ്കിൽ റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇവർ നിർദ്ദേശിക്കും. പിന്നാലെ പരിശോധനയ്ക്കോ രജിസ്ട്രേഷനോ എന്ന വ്യാജേന അഞ്ചുരൂപ പോലെയുള്ള നിസ്സാര തുക അടയ്ക്കാൻ ആവശ്യപ്പെടും. ഈ ഇടപാടിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത ഡാറ്റയും കൈക്കലാക്കി വലിയ തുകകൾ അക്കൗണ്ടിൽ നിന്ന് കവരുകയാണ് ഇവരുടെ തട്ടിപ്പ് രീതി. അതിനാൽ ഗൂഗിൾ അടക്കമുള്ള സെർച്ച് എൻജിനുകളിൽ നിന്ന് ലഭിക്കുന്ന ഫോൺ നമ്പറുകളെ പൂർണ്ണമായി ആശ്രയിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വിവിധ സേവനങ്ങൾക്കായി അതത് സ്ഥാപനങ്ങളുടെ ആധികാരികമായ വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കാൻ പോലീസ് ആവശ്യപ്പെട്ടു. അപരിചിതരായ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണുകളിൽ റിമോട്ട് ആക്‌സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഫീസുകൾ ട്രാൻസ്ഫർ ചെയ്യാനോ തുനിയരുത്. ഒടിപി, എടിഎം പിൻ, ബാങ്കിംഗ് പാസ്‌വേർഡുകൾ, കാർഡ് നമ്പറുകൾ എന്നിവ ഒരിക്കലും അന്യരുമായി പങ്കിടാൻ പാടില്ല. സംഭാഷണത്തിനിടയിൽ എന്തെങ്കിലും അസ്വാഭാവികതയോ സംശയമോ തോന്നിയാൽ ഉടൻ ഫോൺ കോൾ വിച്ഛേദിക്കുകയും, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴിയോ നേരിട്ട് ബ്രാഞ്ചുകളിൽ എത്തി പരിശോധിക്കുകയോ വേണം.
ആരെങ്കിലും ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ കാലതാമസമില്ലാതെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പരിലോ www.cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടലിലോ വിവരം അറിയിച്ച് പരാതി രജിസ്റ്റർ ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.





