തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ പാനലിൽ നിന്നും കണ്ഠരര് രാജീവരെ മാറ്റിനിർത്തി. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവർ പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനമാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. തന്ത്രി പദവിയിൽ നിന്ന് ഒഴിഞ്ഞതും ഇതിന് കാരണമായി.
അതേസമയം, മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള യോഗ്യതാ പട്ടികയിൽ ഇത്തവണ വലിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ എട്ട് അപേക്ഷകർ മാത്രമാണ് യോഗ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണുള്ളത്. അഭിമുഖ പരീക്ഷയിൽ ഇത്രയും കുറഞ്ഞ എണ്ണം അപേക്ഷകർ എത്തുന്നത് ഇതാദ്യമായാണ്. മാളികപ്പുറത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് പേരും ശബരിമല മേൽശാന്തിപ്പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളവരാണ്. അഭിമുഖത്തിലെ മാർക്ക് കൂടി അടിസ്ഥാനമാക്കുമ്പോൾ ഈ എണ്ണത്തിൽ ഇനിയും കുറവുണ്ടായേക്കാം.
ദേവസ്വം വിജിലൻസ് വിഭാഗം നടത്തിയ കർശനമായ പരിശോധനകളാണ് യോഗ്യതാ പട്ടികയിലെ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമെന്നാണ് സൂചന. ഒഴിവാക്കപ്പെട്ടവർ സമർപ്പിക്കുന്ന അപ്പീലുകൾ പരിശോധിച്ചാലും അന്തിമ പട്ടികയിലെ എണ്ണത്തിൽ കാര്യമായ വർദ്ധനവിന് സാധ്യതയില്ല.





