തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം കൗൺസിലർ അജിൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ കൂടുതൽ തെളിവുകളുമായി പരാതിക്കാരനായ സഞ്ജു. മുൻപും 14 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി മറിച്ചുവിറ്റിട്ടുണ്ടെന്ന് കൗൺസിലർ അജിൻ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് സഞ്ജു ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
കോർപ്പറേഷന് അനുകൂലമായ കോടതി ഉത്തരവുണ്ടായിരുന്ന സർക്കാർ ഭൂമി ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി വിൽപ്പന നടത്തിയെന്നും, ഇതിനായി താൻ പൂർണ്ണ സഹായം ചെയ്തുകൊടുത്തുവെന്നും അജിൻ വ്യക്തമാക്കുന്നത് ദൃശ്യങ്ങളിലുണ്ട്. താൻ നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കിൽ ആ ഭൂമി സർക്കാർ തന്നെ കൈവശപ്പെടുത്തിയേനെയെന്നും കൗൺസിലർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം.
നേരത്തെ, തന്നോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നൽകാൻ തയ്യാറായില്ലെങ്കിൽ ഭൂമിയിൽ പാർട്ടി കൊടി കുത്തിക്കുമെന്ന് അജിൻ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സഞ്ജു പോലീസിനെ സമീപിച്ചത്. എന്നാൽ, സഞ്ജു തെളിവായി പുറത്തുവിട്ട ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോയാണെന്നായിരുന്നു അജിന്റെ നിലപാട്. തിരുമല ഭാഗത്തെ ഭൂമാഫിയാ സംഘങ്ങളാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും, സർക്കാർ പുറമ്പോക്ക് ഭൂമി കൈക്കലാക്കി വിൽക്കാനുള്ള ഇവരുടെ ശ്രമങ്ങൾ തടഞ്ഞതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതിക്ക് കാരണമെന്നുമാണ് കൗൺസിലർ വാദിച്ചത്.
എന്നാൽ, ഈ പ്രതിരോധങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സഞ്ജു കൂടുതൽ തെളിവുകളുമായി രംഗത്തെത്തി. പ്രസ്തുത വീഡിയോ സ്വന്തം മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് നേരിട്ട് പകർത്തിയതാണെന്ന് വ്യക്തമാക്കിയ സഞ്ജു, ഫോൺ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള യഥാർത്ഥ ദൃശ്യങ്ങൾ പരസ്യമായി കാണിച്ചുകൊണ്ട് വീഡിയോ എഐ നിർമ്മിതമാണെന്ന ആരോപണം തള്ളിക്കളഞ്ഞു.





