തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളിൽ കടുത്ത അതൃപ്തി വ്യക്തമാക്കി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി രംഗത്ത്. മുതിർന്ന നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച ആക്ഷേപങ്ങൾ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തിന്റെ പരാതികൾ നേതൃത്വം ഗൗരവത്തിലെടുത്ത് പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ പ്രമുഖനായ നേതാവാണ് അടൂർ പ്രകാശ്. സ്വന്തം അനുഭവത്തിൽ നിന്നാണ് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞത് എന്നതിനാൽ അതിനെ ലാഘവത്തോടെ കാണാനാവില്ല. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശങ്കകളെ തീർത്തും തള്ളിക്കളയാൻ സാധിക്കില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. ഭരണകാര്യങ്ങളും നയപരമായ തീരുമാനങ്ങളും മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നതെന്ന് മുന്നണിയുടെ കൺവീനർ തന്നെ പരസ്യമായി വ്യക്തമാക്കുന്നത് നിസാരമായ കാര്യമല്ല. സംഘടനയ്ക്ക് ഗുണകരമായ ഒരു രീതിയല്ല ഇത്. അദ്ദേഹത്തിന്റെ ആശങ്കകൾക്ക് നേതൃത്വം അർഹമായ പരിഗണന നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസക്കാലമായി കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർക്കണമെന്ന് താൻ തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണെന്ന് ജെബി മേത്തർ എംപി പറഞ്ഞു. പോഷക സംഘടനകൾക്ക് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് എക്സിക്യൂട്ടീവ് യോഗങ്ങൾ. ഈ ആവശ്യം മുൻനിർത്തി കെപിസിസി പ്രസിഡന്റിനെ നേരിൽ കണ്ടും ഫോൺ വഴിയും ഇമെയിൽ, കത്ത് എന്നിവ മുഖേനയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ ഉന്നയിക്കുക എന്നത് ജനാധിപത്യ ബോധവും അച്ചടക്കവുമുള്ള ഒരു പ്രവർത്തകയുടെ കടമയാണെന്ന ബോധ്യത്തിലാണ് കത്ത് നൽകിയത്. വ്യക്തമാക്കേണ്ട കാര്യങ്ങളെല്ലാം കൃത്യമായി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും ആവശ്യമെങ്കിൽ തുറന്നുപറയുമെന്നും അവർ കൂട്ടിച്ചേർത്തു.





