തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ തട്ടിപ്പുകേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. മന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് അബ്ദുറഹിമാൻ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്പോൺസർമാർക്ക് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കാൻ മന്ത്രി നേരിട്ട് വഴിവിട്ട സഹായങ്ങൾ നൽകിയതായും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിലയിരുത്തുന്നു.
മന്ത്രിയുടെ ഓഫീസിൽ നിന്ന് കേസിന് ആസ്പദമായ വഴിവിട്ട ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സ്പോൺസർക്ക് അവിഹിത ലാഭം ഉണ്ടാക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് അബ്ദുറഹിമാൻ നൽകിയ മൊഴി എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്. ഈ മൊഴിയും ലഭ്യമായ രേഖകളും പൂർണ്ണമായി ഒത്തുനോക്കിയ ശേഷമായിരിക്കും അദ്ദേഹത്തെ പ്രതിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കേസ് അന്വേഷണം ഇപ്പോൾ നിർണ്ണായകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക റിപ്പോർട്ട് എസ്ഐടി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) സമർപ്പിച്ചു. വി. അബ്ദുറഹിമാന്റെ മൊഴിയും ഈ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിൽ നിന്ന് നടത്തിയ ഔദ്യോഗിക ആശയവിനിമയങ്ങൾ, യാതൊരു ടെൻഡർ നടപടികളും പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി നിശ്ചയിച്ചത്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) ചർച്ച നടത്താനെന്ന പേരിൽ നടത്തിയ വിദേശ പര്യടനങ്ങൾ എന്നിവയെല്ലാം വിശദമായ അന്വേഷണ പരിധിയിലുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം മലപ്പുറത്ത് വെച്ച് ഔദ്യോഗിക നോട്ടീസ് കൈമാറിയ ശേഷമാണ് അബ്ദുറഹിമാന്റെ മൊഴി രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്ത് വിശദമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശുപാർശ. വഴിവിട്ട സഹായങ്ങൾ ലഭ്യമാക്കിയതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും, നടന്ന സാമ്പത്തിക ഇടപാടുകളിൽ ആരൊക്കെ ലാഭം കൊയ്തുവെന്നും കണ്ടെത്തുന്നതിനായിരിക്കും തുടരന്വേഷണത്തിൽ മുൻഗണന നൽകുക.





