കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസിൽ ഭർത്താവ് പിടിയിലായി. അനിൽകുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് ഭാര്യ ജയശ്രീയെ ക്രൂരമായി തീവെക്കാൻ കാരണമായത്. മുഖത്തും ശരീരമാസകലവും ഗുരുതരമായി പൊള്ളലേറ്റ ജയശ്രീയെ നാട്ടുകാരാണ് ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകീട്ടോടെ അമ്പാടിമൂലയിലെ ഒരു വനിതാ ഹോസ്റ്റലിന് സമീപത്തായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ഈ ഹോസ്റ്റലിലെ അന്തേവാസിയാണ് ജയശ്രീ എന്നാണ് അറിയാൻ സാധിക്കുന്നത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എൻ.ജി.ഒ ക്വാർട്ടേഴ്സിന് അടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് പ്രദേശവാസികൾ വളഞ്ഞുപിടിച്ച് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തൃക്കാക്കര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഒരു സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് അനിൽകുമാറെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.





