തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളം, കർണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില സന്ദർഭങ്ങളിൽ പരമാവധി 55 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രസ്തുത തീരങ്ങളിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.





