തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിൽ പ്രാഥമിക പരിശോധന നടത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇ.ഡി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി വിവരങ്ങൾ ശേഖരിക്കാനാണ് സംഘത്തിന്റെ തീരുമാനം. കത്തിൽ സൂചിപ്പിച്ചിട്ടുള്ള ഹവാല ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഒരു മാസത്തിനുള്ളിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണ ചുമതല സംസ്ഥാന പോലീസ് മേധാവിയെ ഏൽപ്പിക്കാൻ ധാരണയായത്. അന്വേഷണത്തിന്റെ രീതി നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം ഡി.ജി.പിക്കായിരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, അന്വേഷണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഡി.ജി.പിക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇന്ന് ഉച്ചയോടെ ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമാകും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഘടന അന്തിമമാക്കുക. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കാനാണ് സാധ്യത. സംഘത്തിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഉന്നതതലത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മുൻപ് വിവിധ പ്രത്യേക അന്വേഷണ സംഘങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്കായിരിക്കും ഇതിൽ മുൻഗണന. പ്രാഥമിക ഘട്ടത്തിൽ ഇ.ഡിയുടെ റിപ്പോർട്ടിലെ വസ്തുതകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
ഇ.ഡി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രമേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിലേക്ക് സംഘം കടക്കുകയുള്ളൂ. പരമാവധി തെളിവുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തുകയാണ് ലക്ഷ്യം. കത്തിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള കൈക്കൂലി, ഹവാല ഇടപാടുകൾ പ്രത്യേകമായി പരിശോധിക്കും. ഇതിനുശേഷം തുടർനടപടിയായി വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പി ശുപാർശ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ സാധിക്കൂ എന്നത് എസ്.ഐ.ടിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
അതിനിടെ, സി.എം.ആർ.എൽ അധികൃതർ തങ്ങളുടെ മൊഴികൾ പിൻവലിക്കാൻ ശ്രമിക്കുന്നത് അന്വേഷണ സംഘത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കിയേക്കാം. തങ്ങൾ നൽകിയ നിർണ്ണായക മൊഴികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഉന്നതർ ഇ.ഡി ഡയറക്ടർക്ക് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വീണ ടി. മുഖേന പിണറായി വിജയൻ 3.28 കോടി രൂപ കൈപ്പറ്റിയെന്ന പി. സുരേഷ് കുമാറിന്റെ മൊഴിയും, പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് പണം നൽകിയതെന്ന ശശിധരൻ കർത്തായുടെ മൊഴിയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, റിയാസിന്റെ നിർദ്ദേശപ്രകാരം ഹവാല ഇടപാടുകാരനായ സുബേർ വഴി 1.2 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന മൊഴി പിൻവലിക്കാൻ ഹസൻ വാരിസും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്നാണ് മുൻപ് മൊഴി നൽകിയതെന്നാണ് ഇവരുടെ ആരോപണം. ഇത്തരം മൊഴികൾ മുൻനിർത്തിയായിരുന്നു ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരുന്നത്.





