തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയിൽ (സിഡിറ്റ്) സമഗ്ര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ നിയമനങ്ങൾ അടക്കമുള്ള വിഷയങ്ങളാണ് പരിശോധനയുടെ പരിധിയിൽ വരുന്നത്. ലഭിച്ച വിവിധ പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തിൽ ശശി തരൂർ എം.പിയും മുഖ്യമന്ത്രിക്കു കത്ത് സമർപ്പിച്ചിരുന്നു. വ്യവസായ വകുപ്പുമായി നടത്തിയ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചത്.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചു. സിഡിറ്റിൽ നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങൾ, വിവിധ കരാറുകൾ, സാമ്പത്തിക വിനിമയങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നേരത്തെ പരാതികൾ ലഭിച്ചിരുന്നത്. മുഖ്യമന്ത്രി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്.
കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ്, എം. വിൻസെന്റ് തുടങ്ങിയവരാണ് തുടക്കത്തിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ഇതിനുപിന്നാലെ ശശി തരൂർ എം.പിയും മുഖ്യമന്ത്രിയെ സമീപിച്ച് പരാതി നൽകുകയായിരുന്നു. വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റിന്റെ ചെയർമാൻ സ്ഥാനം അതാത് കാലത്തെ മുഖ്യമന്ത്രിമാർക്കാണ്.





