തിരുവനന്തപുരം: കേരളത്തിലെ വി.ഡി. സതീശൻ സർക്കാർ സംഘപരിവാറിന്റെ 'ബി' ടീമായാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യകാലത്ത് ഉടലെടുത്ത ഈ രഹസ്യബന്ധം ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇരുവിഭാഗവും അന്യോന്യം സഹായിക്കുകയും അധികാരത്തിലെത്തിയപ്പോൾ ആ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്തത്. ഇ.ഡിയെ ഉപകരണമാക്കി പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അതേ നയമാണ് യു.ഡി.എഫ് സർക്കാരും നടപ്പാക്കുന്നത്. കേന്ദ്ര ലേബർ കോഡ് നടപ്പാക്കാനുള്ള തീരുമാനം അടക്കം സംഘപരിവാർ താല്പര്യങ്ങൾക്ക് പൂർണ്ണമായും കീഴടങ്ങുന്ന 'മോദി-ഇ.ഡി-വി.ഡി' കൂട്ടുകെട്ടാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇ.ഡിയുടെ അന്വേഷണ നീക്കങ്ങൾ പിണറായി വിജയനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്. കേസിലെ നിർണ്ണായക മൊഴികളെല്ലാം സാക്ഷികൾ ഒന്നൊഴിയാതെ പിൻവലിച്ചുകഴിഞ്ഞു. അത്തരം മൊഴികളുടെ പേരിൽ കേസെടുക്കാൻ തുനിയുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സി.എം.ആർ.എല്ലിൽ നിന്ന് വഴിവിട്ട് പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർ നിലവിലെ യു.ഡി.എഫ് മന്ത്രിസഭയിലുണ്ട്. അവർ എന്തിനാണ് പണം സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഏത് തുകയും ബാങ്ക് അക്കൗണ്ട് വഴി മാത്രമേ കൈപ്പറ്റാവൂ എന്ന ചട്ടം നിലനിൽക്കുന്നുണ്ട്.
പിണറായി വിജയനെതിരെയുള്ള കള്ളക്കേസ് നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി ചെറുത്തുതോൽപ്പിക്കും. പണം വാങ്ങിയവരെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണിത്. രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള ഈ നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി നിലകൊള്ളും. കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെ കോൺഗ്രസിനുള്ള പൊതുനിലപാട് വി.ഡി. സതീശൻ സ്വന്തം താല്പര്യങ്ങൾക്കായി കാറ്റിൽപ്പറത്തി. തെറ്റായ ഭരണനടപടികളെ ചോദ്യം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയാണ്. റെയ്ഡുകൾ നടത്തി മാധ്യമങ്ങളെ ഭയപ്പെടുത്താൻ നോക്കുന്നു. റിപ്പോർട്ടർ ടി.വിക്കെതിരെ വി.ഡി. സതീശന്റെ പോലീസ് സ്വീകരിക്കുന്ന നിലപാട് ഇതിന് ഉദാഹരണമാണ്. എഡിറ്റോറിയൽ റൂമുകളിൽ പോലീസ് അതിക്രമിച്ചു കയറുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും സി.പി.ഐ.എം ഇത് വകവെച്ചുതരില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ പുതിയൊരു അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ല. ഒരു മൊഴിയുടെയും പിൻബലം ഇതിനില്ല. മൊഴികളെല്ലാം ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്ന് നൽകിയവർ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചന മാത്രമാണിത്. അന്വേഷണത്തെ പാർട്ടിക്ക് ഒട്ടും ഭയമില്ല. ഇ.ഡി മെനഞ്ഞെടുത്ത കഥയ്ക്ക് കോൺഗ്രസ് പിന്തുണ നൽകുകയാണ്. ഇ.ഡി തികഞ്ഞ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്, അതിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല.
കെ.എം. ഷാജി നടത്തിയ ആഡംബര കാർ യാത്ര വ്യക്തമായ പ്രോട്ടോക്കോൾ ലംഘനവും നിയമവിരുദ്ധവുമാണ്. ഇത് സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് ന്യായീകരിക്കുന്നത്. വളരെ ഗൗരവമുള്ള ഈ വിഷയത്തെ നാട്ടുനടപ്പ് പോലെയാണ് ലഘൂകരിക്കുന്നത്. ഇതിന് കെ.പി.സി.സി അധ്യക്ഷന്റെ ഒത്താശയുമുണ്ട്. വലിയൊരു അഴിമതി ശൃംഖലയ്ക്കാണ് ഇത് വഴിവെക്കുന്നത്. ഉടമസ്ഥത വ്യക്തമല്ലാത്ത വാഹനത്തിന് ഗണേഷ് കുമാർ അനുമതി തേടിയപ്പോൾ മുൻ സർക്കാർ അത് കർശനമായി നിരസിച്ചിരുന്നു. മറ്റാരുടെയെങ്കിലും വാഹനം ഉപയോഗിക്കാൻ മുൻ ഭരണം ഒരിക്കലും സമ്മതിച്ചിരുന്നില്ല. മുഖ്യമന്ത്രി സ്വകാര്യ വിമാനത്തിൽ പറന്നത് ആരുടെ പണം ഉപയോഗിച്ചാണെന്നും അത് സുതാര്യമായ പൊതുപ്രവർത്തനമാണോ എന്നും വ്യക്തമാക്കണം. ഇതിന്റെ യാത്രാച്ചെലവ് വഹിച്ചതാരാണെന്ന് ജനങ്ങൾക്ക് അറിയാൻ താല്പര്യമുണ്ട്.
നിരവധി മന്ത്രിമാരാണ് ഇപ്പോൾ വിദേശ രാജ്യങ്ങളിൽ കറങ്ങുന്നത്. സർക്കാർ ഫണ്ടിലല്ല യാത്രയെന്നാണ് ഇവരുടെ വാദം. അങ്ങനെയെങ്കിൽ ഇവരുടെയെല്ലാം യാത്രകൾ സ്പോൺസർഷിപ്പ് വഴിയാണ്. ഇത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഒന്നുകിൽ സ്വന്തം പണം ഉപയോഗിക്കണം, അല്ലെങ്കിൽ ഔദ്യോഗിക ഫണ്ടിൽ പോകണം; അല്ലാത്തതെല്ലാം ചട്ടവിരുദ്ധമാണ്. പ്രളയക്കെടുതിയിൽ വൻ തുക നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ആർക്കും ഒന്നും ലഭിച്ചിട്ടില്ല. ഒരു നടപടിയും എടുക്കാതിരിക്കുക എന്നതാണ് സർക്കാരിന്റെ രീതി. കോട്ടയം ജില്ലയിൽ നാശനഷ്ടങ്ങളുടെ വിവരശേഖരണം പോലും അധികൃതർ നടത്തിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.





