തിരുവനന്തപുരം: നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് അടിസ്ഥാനരഹിതമായ വിവാദങ്ങൾ മാത്രമാണെന്നും മാറ്റവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നഗരമധ്യത്തിൽ നിന്ന് നെയ്യാറിലേക്ക് മൃഗശാല മാറ്റാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇത്തരമൊരു മാറ്റം തിരുവനന്തപുരത്തിന്റെ പ്രാധാന്യത്തെ ഒട്ടും കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്. നമ്മൾ മൃഗങ്ങളെ കൂട്ടിൽപ്പോയി കാണുന്നതിന് പകരം അവ സ്വതന്ത്രമായി വിഹരിക്കുകയും മനുഷ്യരെ കാണുകയും ചെയ്യുന്ന പുതിയ രീതിയിലേക്ക് സംവിധാനം മാറും. പദ്ധതിക്ക് പിന്നിൽ വാണിജ്യപരമായ താല്പര്യങ്ങളുണ്ടെന്ന സി.പി.ഐ.എമ്മിന്റെ വിമർശനത്തിനും മന്ത്രി മറുപടി നൽകി. ആർക്കാണ് കച്ചവടപരമായ താല്പര്യങ്ങൾ ഇല്ലാത്തതെന്നും, ഒരു പ്രത്യേക വിഭാഗം ചെയ്യുമ്പോൾ മാത്രം അത് ശരിയാകുന്നു എന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മൃഗശാല മാറ്റാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് സി.പി. ജോണും മുന്നോട്ടുവന്നിരുന്നു. നഗരത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് ഉചിതമല്ലെന്നും ശബ്ദമലിനീകരണം മൂലം മിണ്ടാപ്രാണികൾ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ, മൃഗശാല നഗരത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷും യു.ഡി.എഫ് കൗൺസിലർ കെ.എസ്. ശബരീനാഥനും മുഖ്യമന്ത്രിയെ പിന്തുണച്ചിരുന്നു. നഗരത്തിരക്കുകൾ കാരണം വംശനാശഭീഷണി നേരിടുന്ന ജീവികൾ ചത്തൊടുങ്ങുകയാണെന്നും, 160 കൊല്ലം മുൻപ് ഇത് സ്ഥാപിതമായപ്പോഴത്തെ ശാന്തമായ സാഹചര്യമല്ല ഇന്നുള്ളതെന്നും മേയർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ കേന്ദ്രങ്ങളാണ് നേപ്പിയർ മ്യൂസിയവും മൃഗശാലയും എന്നും, നഗരവികസനം വന്നതോടെ സ്ഥലപരിമിതി കാരണം മൃഗങ്ങൾ കടുത്ത പ്രയാസത്തിലാണെന്നും ശബരീനാഥനും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി മുൻ എം.എൽ.എയും സി.പി.ഐ.എം നേതാവുമായ വി.കെ. പ്രശാന്ത് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച ഈ നീക്കത്തിന് പിന്നിൽ കച്ചവട ലക്ഷ്യങ്ങളാണെന്നും, ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ഗൂഢശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു പദ്ധതിയുമായാണ് സർക്കാർ നീങ്ങുന്നതെങ്കിൽ ഇടത് മുന്നണി അതിനെ ശക്തമായി ചെറുക്കുമെന്നും പ്രശാന്ത് മുന്നറിയിപ്പ് നൽകിയിരുന്നു.





