ആലപ്പുഴ: സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ വീണ്ടും രംഗത്ത്. പ്രസ്ഥാനം വിട്ടുപോയവരുടെ പട്ടികയിൽ താനില്ലെന്ന തരത്തിൽ എം.എ. ബേബി സംസാരിച്ചുവെന്നും, തുടരാൻ കൊള്ളാത്ത സാഹചര്യമായതിനാലാണ് താൻ പാർട്ടി വിട്ടതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹം കൊണ്ടല്ല താൻ പടിയിറങ്ങിയത്. തനിക്ക് ഒരു അച്ഛൻ മാത്രമാണുള്ളതെന്നും ഒരുപാട് അച്ഛന്മാരുള്ളവരായിരിക്കാം അത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാൾ തന്റെ പിതാവിനെ വിളിച്ച് അധിക്ഷേപിച്ചതായി സുധാകരൻ പരാതിപ്പെട്ടു. ഇത്തരക്കാരെ നയിക്കുന്ന എം.എ. ബേബിക്ക് തന്നെ ആക്ഷേപിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുന്നിലേക്ക് ഒട്ടനവധി ഓഫറുകൾ എത്തിയെങ്കിലും താൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേർന്നിട്ടില്ല. വി.ഡി. സതീശനെ പിന്തുണച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അദ്ദേഹത്തിന്റേതായ അനുഭവമായിരിക്കാമെന്നും സുരേഷ് ഗോപി ഒരു ജനപ്രതിനിധിയായതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന്മേൽ താൻ മറുപടി പറയേണ്ടതില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സി.പി.ഐ.എം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങളെയും അദ്ദേഹം പരിഹസിച്ചു. എം.വി. ഗോവിന്ദന് നൽകിയ താക്കീത് തലയ്ക്കൊരു അടി കൊടുത്ത് അടങ്ങിയിരിക്കാൻ പറയുന്നതിന് തുല്യമാണ്. നേരിട്ട കനത്ത അധഃപതനത്തിൽ നിന്നും പാർട്ടി ഇതുവരെ കരകയറിയിട്ടില്ല. സംസ്ഥാന സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്താൽ പോരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 2020-ന് ശേഷം പിണറായി വിജയൻ തന്നോട് സാമാന്യ മര്യാദ പോലും കാണിച്ചിട്ടില്ലെന്നും, രാഷ്ട്രീയ ക്രിമിനലുകൾ പാർട്ടിയിലേക്ക് കടന്നുകൂടിയതിന് ശേഷമാണ് ഈ മാറ്റമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയനെ വ്യക്തിപരമായി വേട്ടയാടാൻ താനില്ല, എന്നിരുന്നാലും ആ ഒരു മര്യാദ തന്നോട് കാട്ടിയില്ല. അതേസമയം ഇ.ഡിയുടെ നടപടികളെ പൂർണ്ണമായി തള്ളിക്കളയാൻ താൻ തയ്യാറല്ലെന്നും സുധാകരൻ പറഞ്ഞു. എം.എ. ബേബിക്ക് അറിവുണ്ടെന്നും അഴിമതിക്കാരനല്ലെന്നും വിലയിരുത്തിയ സുധാകരൻ, എന്നാൽ ഗോവിന്ദന് സംസാരിക്കാൻ അറിയില്ലെന്ന് വിമർശിച്ചു. അഴിമതിക്കാരും മോശം വ്യക്തിത്വമുള്ളവരുമാണ് ഇപ്പോൾ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നത്. ബേബിയുടെ പരിമിതികൾ തനിക്ക് വ്യക്തമായി ബോധ്യമുള്ളതിനാൽ അദ്ദേഹം സ്വന്തം കാര്യം നോക്കി ഇരിക്കുന്നതാണ് നല്ലതെന്ന് എം.എൽ.എ താക്കീത് നൽകി. അമ്പലപ്പുഴയിൽ ജനങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തനിക്ക് ഇത്രയധികം ഭൂരിപക്ഷം നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





