മലപ്പുറം: സ്വകാര്യ വാഹനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബോർഡ് സ്ഥാപിച്ച് യാത്ര നടത്തിയ സംഭവത്തിൽ മന്ത്രി കെ.എം. ഷാജിയെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ചും കെ.ടി. ജലീൽ രംഗത്ത്. ഷാജിയുടെ നടപടി ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ജലീൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രിയും ചേർന്ന് അധികം പഴക്കമില്ലാത്ത ഒരു ഇന്നോവ ക്രിസ്റ്റ കാറെങ്കിലും മന്ത്രി ഷാജിക്ക് തരപ്പെടുത്തി നൽകണമെന്നും, സതീശൻ മന്ത്രിസഭയിലെ ഒരംഗത്തിന് കാർ വായ്പ വാങ്ങി ഓടിക്കേണ്ടി വരുന്നത് കടുത്ത നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു. വാഹനം വിട്ടുനൽകിയ സുഹൃത്തിനോട് മനുഷ്യസഹജമായ പ്രത്യേക മമത സ്വാഭാവികമായും തോന്നും. ആരോടും പക്ഷപാതമോ വിദ്വേഷമോ ഇല്ലാതെ ഭരണം നടത്തുമെന്ന സത്യപ്രതിജ്ഞാ വാചകങ്ങളുടെ ലംഘനമല്ലേ ഇതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
കോൺഗ്രസ്-മുസ്ലിം ലീഗ് മന്ത്രിമാർക്ക് മാധ്യമങ്ങൾ വച്ചുനീട്ടുന്ന വലിയ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും ഇല്ലായിരുന്നുവെങ്കിൽ പ്രസ്തുത കാറുടമയുടെ മുഴുവൻ വിവരങ്ങളും ഇതിനകം ജനങ്ങൾ അറിഞ്ഞേനെയെന്ന് അദ്ദേഹം കുറിച്ചു. താൻ മന്ത്രിയായിരിക്കെ ഇ.ഡി ഓഫീസിലേക്ക് ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ പോയതിന് വലിയ പുകിലുണ്ടാക്കിയ നാടാണിത്. 'വിവാദ വ്യവസായി'യുടെ വീട്ടുപടിക്കൽ ബി.ജെ.പി സമരം നടത്തിയതും വാർത്താ ചാനലുകൾ അത് തത്സമയം സംപ്രേഷണം ചെയ്തതും മലയാളി കണ്ടതാണ്. എന്നാൽ മന്ത്രി ഷാജി ഉപയോഗിക്കുന്ന വാഹനത്തിന്റെ ആർ.സി ഉടമ ആരാണെന്നോ, അയാളുടെ വരുമാന മാർഗ്ഗമോ സ്വത്തുവിവരങ്ങളോ ഒന്നും മാധ്യമങ്ങൾ അന്വേഷിച്ചതായി കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അടുത്ത മിത്രത്തിന്റെ വാഹനം സൗജന്യമായി ഉപയോഗിക്കാൻ കിട്ടിയതാണെന്ന് കരുതിയാൽപ്പോലും, അതിൽ മന്ത്രിമാർ ഉപയോഗിക്കേണ്ട ഔദ്യോഗിക ചിഹ്നങ്ങളും സംവിധാനങ്ങളും ഘടിപ്പിച്ച് യാത്ര ചെയ്യുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. ഇതേ പാത പിന്തുടർന്ന് മറ്റ് മന്ത്രിമാരും നിലവിലെ ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് ബെൻസും റേഞ്ച് റോവറും സൗജന്യമായി വാങ്ങി യാത്ര ചെയ്യാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? മന്ത്രി കുഞ്ഞാലിക്കുട്ടി സഞ്ചരിക്കുന്നത് സ്വന്തം വാഹനത്തിലാണെന്ന് എങ്കിലും പറയാം. ഇത്രയധികം ആത്മബന്ധമുള്ള സുഹൃത്താണെങ്കിൽ ആ റേഞ്ച് റോവർ ഷാജിയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ കാറുടമ ഉദാരമനസ്സ് കാട്ടണമെന്നും ജലീൽ പരിഹസിച്ചു.
വിലകൂടിയ വാഹനങ്ങളിൽ സഞ്ചരിക്കുന്ന എം.എൽ.എയെയും മന്ത്രിയെയുമാണ് വേങ്ങരയിലെ വോട്ടർമാർ കണ്ടുശീലിച്ചിട്ടുള്ളത് എന്നതിനാൽ, ഇന്നോവ ക്രിസ്റ്റയിൽ ചെന്നാൽ അവർ വിലമതിക്കില്ലെന്ന ആശങ്ക കൊണ്ടാണോ കോടികൾ വിലമതിക്കുന്ന റേഞ്ച് റോവറിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്? ഷാജിയും താനുമടങ്ങുന്ന പൊതുപ്രവർത്തകർ ധൂർത്തിനും ആഡംബരത്തിനുമെതിരെ സംസാരിക്കുന്നവരാണ്. എന്നിട്ട് സ്വന്തമായി ആഡംബര കാറിൽ യാത്ര ചെയ്യുകയും ജനങ്ങളോട് ലാളിത്യം ഉപദേശിക്കുകയും ചെയ്താൽ പൊതുസമൂഹം എങ്ങനെയാണ് വിലയിരുത്തുകയെന്നും ജലീൽ ചോദിച്ചു.
മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ കാറിലെ യാത്ര വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ വാഹനം സ്വന്തമല്ലെന്നും അടുത്ത സുഹൃത്തിന്റേതാണെന്നുമായിരുന്നു ഷാജിയുടെ വിശദീകരണം. സർക്കാർ തനിക്ക് അനുവദിച്ചു നൽകിയത് കണ്ടം ചെയ്ത രീതിയിലുള്ള വാഹനമായതിനാലാണ് നാട്ടിൽ ഓടിക്കാൻ സുഹൃത്തിന്റെ വണ്ടി വാങ്ങേണ്ടി വന്നതെന്നും, സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് 13-ാം നമ്പർ ബോർഡ് പതിച്ചതെന്നും ഷാജി മുൻപ് വ്യക്തമാക്കിയിരുന്നു.





