ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണനേതൃത്വത്തെയും വ്യക്തിത്വത്തെയും പ്രകീർത്തിച്ച് മുതിർന്ന ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം. മികച്ച കാഴ്ചപ്പാടുള്ള ദീർഘവീക്ഷണമുള്ള നേതാവാണ് സതീശനെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ട് സതീശൻ കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹി കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ണന്താനം മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്.
വി.ഡി. സതീശൻ നല്ലൊരു മനുഷ്യനും ഉറ്റ മിത്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിഷനുള്ള ഒരു ജനനേതാവാണദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന മുഖ്യമന്ത്രിയാണ് സതീശൻ. രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുത പുലർത്തേണ്ടതില്ലെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ വേണ്ടിയാണ് താൻ ഇവിടെ എത്തിയതെന്നും കണ്ണന്താനം വ്യക്തമാക്കി. കേരളത്തിൽ വൻ മാറ്റങ്ങളും അത്ഭുതങ്ങളും സൃഷ്ടിക്കാൻ സതീശന് സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം എല്ലാവിധ വിജയങ്ങളും നേർന്നു.
നേരത്തെ, ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും വി.ഡി. സതീശനെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി മികച്ച രീതിയിൽ സഹകരിച്ചു പോകുന്ന വ്യക്തിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. മുൻപില്ലാത്ത വിധത്തിലുള്ള സഹകരണ മനോഭാവമാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലം സംസ്ഥാന സർക്കാരിൽ നിന്നും യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഏത് ആവശ്യത്തിനും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയിരുന്നു.





