പാലക്കാട്: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പാലക്കാട് തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേരാണ് ഒന്നിച്ച് സ്ഥാനമൊഴിഞ്ഞത്. മണ്ഡലം കമ്മിറ്റി മുന്നോട്ടുവെച്ച പേരുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും, ബി.ആർ.സി നിയമനത്തിലും അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നുമാണ് നേതാക്കളുടെ പ്രധാന ആക്ഷേപം.
ഇതിനുപിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കമ്മിറ്റി അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു. മണ്ഡലത്തിലെ മുഴുവൻ ഭാരവാഹികളും രാജി സമർപ്പിച്ച വിവരം പ്രസിഡന്റ്, സെക്രട്ടറി, മണ്ഡലം നിരീക്ഷകൻ എന്നിവരെ അറിയിച്ചിട്ടും വിഷയത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ കത്ത് കടുത്ത രോഷം രേഖപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ടിയിരുന്ന ആറ് ലക്ഷം രൂപയെക്കുറിച്ച് നിരന്തരം ഉന്നയിച്ചിട്ടും ജില്ലാ ഘടകം യാതൊരു പരിഹാരവും ഉണ്ടാക്കിയില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ഭരണം കിട്ടിയ വേളയിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് തൃത്താല മണ്ഡലത്തിൽ നിന്നുള്ള അഡ്വ. ബഷീറിന്റെ പേര് ഒന്നാമതായി ശുപാർശ ചെയ്തുവെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും, അന്തിമ പട്ടിക പുറത്തുവന്നപ്പോൾ മണ്ഡലം കമ്മിറ്റി കബളിപ്പിക്കപ്പെടുകയാണുണ്ടായത്.
പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിച്ചപ്പോൾ പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികളെ അവഹേളിക്കുന്ന പരുതൂർ ഹൈസ്കൂളിന് പ്ലസ്ടു നൽകരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറിയതിന്റെ പേരിൽ അതേ വിദ്യാലയത്തിന് തന്നെ പ്ലസ്ടു അനുവദിക്കുകയാണുണ്ടായത്. കൂടാതെ, തൃത്താല ബി.ആർ.സിയിൽ എം.എൻ. നൗഷാദ് മാസ്റ്ററെ ബി.പി.സി ആയി നിയമിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക ശുപാർശയും പൂർണ്ണമായി അവഗണിക്കപ്പെട്ടു. തുടർച്ചയായി നേരിടുന്ന ഇത്തരം കടുത്ത അവഗണനകളിൽ പ്രതിഷേധിച്ച് രാജിവെച്ച മണ്ഡലം ഭാരവാഹികൾക്ക് ഐക്യകണ്ഠേന പൂർണ്ണ പിന്തുണ നൽകുന്നതായും കത്തിൽ വ്യക്തമാക്കുന്നു.





