കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാഗത്തുനിന്ന് ചികിത്സാ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രസവവേളയിലുണ്ടായ അപ്രതീക്ഷിത ആരോഗ്യ സങ്കീർണ്ണതകളാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. വിദഗ്ദ്ധ സമിതി തയ്യാറാക്കിയ ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു അനൂപ്-ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടയിൽ മരണമടഞ്ഞത്. കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ അടിയന്തര സിസേറിയൻ അനിവാര്യമായി വന്നതിനാലാണ് ബന്ധുക്കളുടെ മുൻകൂർ അനുവാദം കാത്തുനിൽക്കാതെ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അൻപത് ശതമാനം സാധ്യത മാത്രമാണ് അപ്പോഴത്തെ അവസ്ഥയിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡി.എം.ഒ ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, ചികിത്സ നടത്തിയ ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി കുഞ്ഞിന്റെ പിതാവ് അനൂപ് രംഗത്തെത്തിയിരുന്നു. 2,500 രൂപ ഡോക്ടർക്ക് കോഴയായി നൽകിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഉള്ള കാര്യം ആശുപത്രി അധികൃതർ മുൻകൂട്ടി ധരിപ്പിച്ചിരുന്നെങ്കിൽ പ്രസവത്തിനായി മറ്റ് ആശുപത്രികളെ ആശ്രയിക്കുമായിരുന്നുവെന്നും അനൂപ് പറഞ്ഞിരുന്നു.





