ആലപ്പുഴ: കെ.എസ്.യു നൽകിയ പരാതിയെ തുടർന്ന് എസ്.എഫ്.ഐയുടെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയെ പുറത്താക്കാൻ ഉത്തരവിട്ട് കേരള സർവകലാശാല. കായംകുളം എം.എസ്.എം കോളേജിലെ ചെയർമാൻ സ്ഥാനാർത്ഥിയായ അൽ അമീനെതിരെയാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്. എം.കോം വിദ്യാർത്ഥിയായ അൽ അമീൻ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന വിവരം മറച്ചുവെച്ചുവെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന ആരോപണം.
വിദ്യാർത്ഥി ചട്ടലംഘനം നടത്തിയതായി സർവകലാശാല നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്ന് പുറത്താക്കൽ ഉത്തരവ് ഉടനടി നടപ്പിലാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല വൈസ് ചാൻസലർ കോളേജ് പ്രിൻസിപ്പലിന് കർശന നിർദ്ദേശം നൽകി. പതിനെട്ടാം തീയതിയാണ് കാമ്പസിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതേസമയം, സർവകലാശാലയുടെ ഈ ഏകപക്ഷീയമായ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനായി കോടതിയെ സമീപിക്കുമെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.





