കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപികമാരുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ച വിദ്യാർത്ഥിക്കെതിരെ പോലീസ് കേസ്. ചങ്ങനാശ്ശേരി സ്വദേശിയായ പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത് ഒരു പ്രൊജക്റ്റ് വർക്കാണെന്നാണ് വിവരം. പ്രൊജക്റ്റ് ചെയ്യുന്നതിനിടയിൽ പ്രതിയുടെ മൊബൈൽ ഫോൺ ഒരു സഹപാഠിക്ക് ലഭിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോഴാണ് സ്വന്തം ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ ഈ കുട്ടി കണ്ടെത്തുന്നത്. തുടർന്ന് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു.
ക്യാമ്പസിലെ ഏഴ് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി വിദ്യാർത്ഥിനികളുടെ എഡിറ്റ് ചെയ്ത നഗ്നദൃശ്യങ്ങൾ ഫോണിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും പുറമെ കാണുന്ന ഫോൾഡറുകളിൽ പെൺകുട്ടികളുടെ യഥാർത്ഥ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്; എന്നാൽ രഹസ്യ ഫോൾഡറിലാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്നത്. അതേസമയം, ഈ ചിത്രങ്ങൾ പ്രതി മറ്റാർക്കെങ്കിലും കൈമാറുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതിന് നിലവിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.





