Malayali Media
Kerala

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു; നാളെ വരെ അന്തരീക്ഷ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം

07 Sept 202653 views 3 min read
സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു; നാളെ വരെ അന്തരീക്ഷ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം
Advertisement

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുതൽ രൂക്ഷമാകുന്നു. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ വരെ സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടും.

കാലവർഷക്കാറ്റ് ദുർബലമായതാണ് ചൂട് പെട്ടെന്ന് ഉയരാൻ ഇടയാക്കിയത്. എങ്കിലും നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കിയിട്ടില്ല. ഉയർന്ന ചൂട് മൂലം നിർജ്ജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:

  • രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കുക.

  • ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക.

  • പകൽസമയത്ത് ശരീരത്തിൽ നിർജ്ജലീകരണമുണ്ടാക്കുന്ന ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

  • ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

  • വെയിലത്ത് ഇറങ്ങുമ്പോൾ ചെരുപ്പുകൾ നിർബന്ധമായും ധരിക്കുക; തൊപ്പിയോ കുടയോ ഉപയോഗിക്കുന്നത് നല്ലതാണ്.

  • ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക; സംഭാരം, ഒ.ആർ.എസ് ലായനി എന്നിവ ധാരാളമായി ഉപയോഗിക്കുക.

  • മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡുകൾ), വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് വലിയ സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് പൂർത്തിയാക്കി മുൻകരുതലുകൾ സ്വീകരിക്കുക. സമീപവാസികളും വ്യാപാരികളും ജാഗ്രത പാലിക്കുക.

  • ചൂട് കടുക്കുന്നതോടെ കാട്ടുതീ പടരാൻ ഇടയുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലുള്ളവരും സഞ്ചാരികളും ജാഗ്രത പുലർത്തുകയും വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും വേണം.

  • സ്കൂളുകളിലും കോളേജുകളിലും വായുസഞ്ചാരവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കണം; പരീക്ഷാ ഹാളുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം.

  • വിദ്യാർത്ഥികൾക്ക് വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്യുക. വിനോദയാത്ര പോകുന്ന സ്കൂളുകൾ 11 AM മുതൽ 3 PM വരെ കുട്ടികൾക്ക് നേരിട്ട് വെയിലേൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.

  • അംഗൻവാടികളിൽ കുട്ടികൾക്ക് ചൂടേൽക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും ജീവനക്കാരും ശ്രദ്ധിക്കണം.

  • പ്രായമായവർ, കിടപ്പുരോഗികൾ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെയുള്ള വെയിൽ കൊള്ളരുത്; ഇവർക്ക് സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതലാണ്.

  • ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഉച്ചസമയത്ത് (11 am to 3 pm) സുരക്ഷ ഉറപ്പാക്കാനും അനുയോജ്യമായ വസ്ത്രം ധരിക്കാനും വിശ്രമം അനുവദിക്കാനും തൊഴിൽദാതാക്കൾ ശ്രദ്ധിക്കണം.

  • പോലീസുകാരും മാധ്യമപ്രവർത്തകരും ഉച്ചസമയത്ത് കുടകൾ ഉപയോഗിക്കുകയും നിർജ്ജലീകരണം തടയാൻ കുടിവെള്ളം കരുതുകയും ചെയ്യുക.

  • പൊതുസമ്മേളനങ്ങളും പരിപാടികളും പരമാവധി 11 am മുതൽ 3 pm വരെയുള്ള സമയങ്ങളിൽ ഒഴിവാക്കുക; നടത്തുന്നവർ ശുദ്ധജലവും തണലും ഉറപ്പുവരുത്തണം.

  • ദീർഘദൂര യാത്രക്കാർ വെള്ളം കയ്യിൽ കരുതുകയും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ചെയ്യുക.

  • നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ കഠിനമായ ജോലി സമയം ക്രമീകരിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം.

  • കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും ഉച്ചവെയിലിൽ മേയാൻ വിടുകയോ വെയിലത്ത് കെട്ടിയിടുകയോ ചെയ്യരുത്. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കുക.

  • പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചിരുത്തി പോകരുത്.

  • ജലദൗർലഭ്യം ഒഴിവാക്കാൻ വെള്ളം പാഴാക്കാതെ ഉപയോഗിക്കുക; ചെറിയ കുപ്പിയിൽ എപ്പോഴും കുടിവെള്ളം കരുതുക.

  • അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

  • ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നൽകുന്ന ഔദ്യോഗിക വിവരങ്ങൾ കൃത്യമായി പാലിക്കുക.

Tags:#kerala#weather report#heatwave
Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു; നാളെ വരെ അന്തരീക്ഷ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം | Malayali Media