ആലപ്പുഴ: തണ്ണീർമുക്കത്ത് മധ്യവയസ്കനെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തണ്ണീർമുക്കം പഞ്ചായത്തിലെ 14-ാം വാർഡിൽ വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു; മൂക്കിലൂടെയും വായിലൂടെയും രക്തം വാർന്നൊഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായത്. ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മുളവടി ഒടിഞ്ഞ രൂപത്തിൽ വീടിനകത്തുനിന്ന് പോലീസ് കണ്ടെടുത്തു.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സമഗ്രമായ പരിശോധനകൾക്ക് ശേഷമാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച മൃതദേഹം കണ്ടെത്തുമ്പോൾ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയുടെ പരിസരത്തുനിന്നാണ് ഒടിഞ്ഞ മുളവടി ലഭിച്ചത്. ഭാര്യയുമായും മകളുമായും അകന്നുകഴിഞ്ഞിരുന്ന സന്തോഷ് ഈ വീട്ടിൽ തനിച്ചായിരുന്നു താമസം. നാട്ടുകാരുമായും അയൽവാസികളുമായും ഇയാൾ വലിയ സൗഹൃദം പുലർത്തിയിരുന്നില്ല.
തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി സന്തോഷിനെതിരെ ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം മുഹമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകാൻ സന്തോഷിനോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്ന് ഞായറാഴ്ച അന്വേഷണത്തിനായി പോലീസ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.





