Malayali Media
Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു; വിടവാങ്ങിയത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

07 Sept 202639 views 3 min read
ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു; വിടവാങ്ങിയത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
Advertisement

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയർ: എ ജേർണി ഓഫ് എ വുമൺ, പരുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്.

ഡോക്യുമെന്ററികൾ ഒരുക്കിക്കൊണ്ടാണ് ആർ. ശരത് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് 2000-ൽ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'സായാഹ്നം' എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര ഫീച്ചർ സിനിമകളിലേക്ക് ചുവടുവെച്ചു. പരിസ്ഥിതി സംരക്ഷണവും ആണവവിരുദ്ധ നിലപാടുകളും വിഷയമാക്കിയ ഈ സിനിമയ്ക്ക് ഒരു ദേശീയ പുരസ്കാരവും ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് എപ്പോഴും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റ് ജീവനക്കാരായ ദമ്പതികളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ 'സ്ഥിതി' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'പുരാണി ദുൻ' എന്നത് അദ്ദേഹത്തിന്റെ ഹിന്ദി ഹ്രസ്വചിത്രമാണ്. ഇതുകൂടാതെ ഇന്ത്യ-ചൈന സംയുക്ത നിർമ്മാണത്തിൽ 'ദി ഡിസയർ: എ ജേർണി ഓഫ് എ വുമൺ' എന്ന ഹിന്ദി ഫീച്ചർ സിനിമയും അദ്ദേഹം ഒരുക്കിയിരുന്നു. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം നിരവധിയായ അന്താരാഷ്ട്ര അംഗീകാരങ്ങളും നേടി.

ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശരത്, സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടിയായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഡയറക്ടർ പദവിയും സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്റെ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Advertisement

Comments

Add a Comment

Our Channels

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു; വിടവാങ്ങിയത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ | Malayali Media