തിരുവനന്തപുരം: ഇസ്രായേലിൽ ജോലി വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പേരാവുറാണി സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിൽ നിന്നാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ പ്രതികൾ ലക്ഷങ്ങൾ കൈക്കലാക്കിയത്. മധുര, തിരുച്ചിറപ്പള്ളി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടാനായത്. പ്രതികൾക്കെതിരെ സമാനമായ തട്ടിപ്പുകൾക്ക് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും പരാതികൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇസ്രായേലിലെ മുൻനിര കമ്പനിയിൽ വെൽഡിംഗ് മേഖലയിൽ ജോലി വാങ്ങിനൽകാമെന്നായിരുന്നു പ്രതികൾ വിശ്വസിപ്പിച്ചിരുന്നത്. വിസ ഉൾപ്പെടെയുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ വിമാനടിക്കറ്റ് നൽകുമെന്നും ഇവർ ജോസിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഓഗസ്റ്റ് 15 കഴിഞ്ഞതോടെ ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. തുടർന്ന് ജോസും സുഹൃത്തുക്കളും ചേർന്ന് തമിഴ്നാട്ടിലെത്തി പ്രതികളുടെ പ്രദേശങ്ങളിൽ നേരിട്ട് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് വിഴിഞ്ഞം പോലീസിനെ സമീപിച്ച് പരാതി നൽകിയത്.





