തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അമർഷം. വിഷയത്തിൽ രമ്യ ഹരിദാസ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എം.എൽ.എയുടെ ഇടപെടലുകൾ നീതീകരിക്കാനാവാത്തതാണെന്നും അവരുടെ ഭാഗത്തുനിന്നാണ് പ്രകോപനങ്ങൾ ഉണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. ചിറയിൻകീഴിലെ സംഭവവികാസങ്ങളിൽ സംഘടനാപരമായ മര്യാദകൾ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഘർഷങ്ങൾ അരങ്ങേറിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സജാദിന്റെ വസതിയിൽ വെച്ചായിരുന്നു രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായത്. തന്നെ പ്രാദേശിക നേതാക്കൾ ചേർന്ന് കൈയ്യേറ്റം ചെയ്തതായി രമ്യ ആരോപിച്ചപ്പോൾ, എം.എൽ.എയാണ് തന്നെ മർദ്ദിച്ചതെന്ന പരാതിയുമായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും രംഗത്തെത്തി. തുടർന്ന് ഇരുവരും വിശദീകരണങ്ങളുമായി മാധ്യമങ്ങളെ കണ്ടിരുന്നു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ആഭ്യന്തര തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് രമ്യ ഹരിദാസ് വിശദീകരിച്ചത്. ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർ രണ്ട് പക്ഷമായി മത്സരിച്ചതിൽ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നുവെന്നും രണ്ട് ചേരികളോടും താൻ യോജിച്ചുപോയിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. സംഘടന കൃത്യമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, രമ്യ ഹരിദാസിന്റേത് കപട നാടകമാണെന്നും തന്റെ കൈയാണ് എം.എൽ.എ ബലമായി തിരിച്ചുപിടിച്ചതെന്നും സജിത്ത് മുട്ടപ്പാലം ആരോപിച്ചു. തന്റെ കൈ തിരിച്ചുപിടിച്ച ശേഷം വിടടാ എന്ന് അവർ ഒച്ചവെക്കുകയായിരുന്നു. രാത്രിസമയത്ത് എം.എൽ.എയും പാളയം പ്രദീപും സജാദിന്റെ വസതിയിൽ പോകേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. സജാദ് ആവശ്യപ്പെട്ടതനുസരിച്ചാണ് ജനപ്രതിനിധി എന്ന നിലയിൽ താൻ അവിടെ എത്തിയത്. എം.എൽ.എയിൽ നിന്ന് ഇത്തരമൊരു മോശം പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട്ടുകാരനായ പാളയം പ്രദീപ് മണ്ഡലത്തിലെ വിഷയങ്ങളിൽ അനാവശ്യമായി തലയിടുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും സജിത്ത് വ്യക്തമാക്കിയിരുന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നപ്പോൾ, എം.എൽ.എയുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തത് പ്രാദേശിക നേതാക്കൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ സജാദ് സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവെച്ചു. ഈ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനാണ് എം.എൽ.എയും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തിയത്. ഇതറിഞ്ഞ് സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ അവിടെയെത്തുകയും എം.എൽ.എയുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രമ്യ ചികിത്സ തേടി. പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





