തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിശദീകരണങ്ങളെ തള്ളി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി വിശദമായ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ആർക്കാണ് പിഴവ് സംഭവിച്ചതെന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റിപ്പോർട്ട് തയ്യാറാക്കുക മാത്രമല്ല, പാർട്ടിയെ നെഞ്ചിലേറ്റുന്ന ജനങ്ങൾ കൂടി വിവരങ്ങൾ അറിയണം എന്ന ലക്ഷ്യത്തോടെ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അതത് പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യങ്ങളെ മുൻനിർത്തിയാകാം പിണറായി വിജയൻ അങ്ങനെ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതി വിവാദത്തിലും സംസ്ഥാന സർക്കാരിനെ ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാങ്കേതികമായി കഴിയില്ലെന്ന ഭരണപക്ഷ വാദം അടിസ്ഥാനരഹിതമാണെന്നും കരാറിൽ നിന്ന് നിയമപരമായി വിട്ടുനിൽക്കാൻ യാതൊരു തടസ്സങ്ങളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പൊതുതാൽപ്പര്യങ്ങളെ പൂർണ്ണമായും അടിയറവ് വെക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അടക്കം ഓരോ മന്ത്രിമാർക്കും ഓരോ തരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. പി.എം. ശ്രീയെ അറബിക്കടലിൽ എറിയുമെന്ന് വീമ്പിളക്കിയവരാണ് ഇപ്പോൾ അതിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്. മുസ്ലിം ലീഗ് ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും അവരെ നിയന്ത്രിച്ചു നിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പദ്ധതിയിൽ ലീഗ് തങ്ങളുടെ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും, കേവലം എട്ട് മാസത്തെ കാലാവധി മാത്രമുള്ള ഒരു പദ്ധതി എന്തിനാണ് ഇപ്പോൾ ധൃതിപിടിച്ച് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ പ്രകടമായ ദുരൂഹതയുണ്ടെന്ന് ശിവൻകുട്ടി ആരോപിച്ചു. മത്സരങ്ങൾ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി ബാധ്യസ്ഥനാണ്. മുൻപ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത് ഒരുപക്ഷേ മന്ത്രിയോട് ഉദ്യോഗസ്ഥർ പറയാത്തതുകൊണ്ടാകും അദ്ദേഹം അറിയാതെ പോയതെന്നും ശിവൻകുട്ടി പരിഹസിച്ചു. കായികമേള കണ്ണൂരിൽ നടത്താനായി മുൻ മേളയുടെ വേദിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗികമായി പതാക കൈമാറിയിരുന്നതാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആചാരപരമായ ആ നടപടിക്രമത്തെയാണ് ഇപ്പോൾ അവഗണിച്ചിരിക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലനിൽക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റുന്ന വിഷയത്തിൽ മുൻ സർക്കാരിന്റെ പുരോഗമനപരമായ തീരുമാനങ്ങളെ അട്ടിമറിക്കുകയാണ് നിലവിലെ ഭരണകൂടം ചെയ്യുന്നത്. സർക്കാരിന്റെ ഈ പിന്തിരിപ്പൻ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് 53 സ്കൂളുകളാണ് ഇത്തരത്തിൽ മിക്സഡ് സ്ഥാപനങ്ങളാക്കി ഉയർത്തിയത്. കാലഘട്ടത്തിന് അനുയോജ്യമായ സഹവിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ ഒരിക്കലും ഒളിച്ചോടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിലും അദ്ദേഹം പരിഹാസമുന്നയിച്ചു. എം.എൽ.എയും സ്വന്തം പാർട്ടി പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളി നടത്തുന്നത്. സി.പി.ഐ.എം നേതാക്കളാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ മാധ്യമങ്ങൾ അത് വലിയ വിവാദമാക്കുമായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി പരസ്യമായി തെരുവിലിറങ്ങി വെല്ലുവിളിച്ചതും ഭരണം കിട്ടി ഏതാനും ദിവസങ്ങൾക്കകം കോൺഗ്രസ് ചേരിതിരിഞ്ഞ് അക്രമം നടത്തിയതും ആരും ചർച്ച ചെയ്യുന്നില്ല. ഒരു സ്റ്റണ്ട് സിനിമ കാണുന്ന പ്രതീതിയിലാണ് അവിടുത്തെ കാര്യങ്ങൾ നടക്കുന്നത്; കോൺഗ്രസുകാർ പരസ്പരം അടി തുടരട്ടെ എന്നും തങ്ങൾക്ക് അതിൽ പ്രത്യേക പരാതികളൊന്നുമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.





