Malayali Media
Kerala

'പിണറായിക്ക് തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ഭാവം, കെ.കെ. രാഗേഷ് മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടയാൾ'; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ

03 Sept 202630 views 3 min read
'പിണറായിക്ക് തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ഭാവം, കെ.കെ. രാഗേഷ് മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടയാൾ'; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ
Advertisement

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനുമെതിരെ കടുത്ത വിമർശനങ്ങളുമായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. കണ്ണൂരിലെ പൊതുയോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ പറയാൻ പിണറായി വിജയൻ തയ്യാറായില്ലെന്നും, പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടതിന് സ്ഥാനാർത്ഥികളെ മാത്രം കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ പാർട്ടിയുടെ രീതിയെന്ന് ചോദിച്ച അദ്ദേഹം വാർത്താസമ്മേളനത്തിലാണ് നിലപാടുകൾ വ്യക്തമാക്കിയത്.

തെറ്റുകൾ തിരുത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ അവസരം നൽകി സംഘടനാ യോഗങ്ങൾ ചേർന്നത്. എന്നാൽ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന് കടകവിരുദ്ധമായ കാര്യങ്ങളാണ് പിണറായി വിജയൻ പ്രസംഗിച്ചത്. ജനങ്ങൾക്ക് തെറ്റുപറ്റിയെന്നാണ് അദ്ദേഹം പറയുന്നത്. തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമാണോ തോൽവിയുണ്ടായത്? മുഖ്യമന്ത്രിയായിരിക്കെ ഒരു ചടങ്ങിനും വരാതിരുന്ന പിണറായി വിജയൻ ഇപ്പോൾ തളിപ്പറമ്പിൽ രണ്ട് പരിപാടികളിലാണ് എത്തിയത്. ഇത് ജനങ്ങളെ വെല്ലുവിളിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത് താനൊക്കെ ചേർന്നാണെന്നും തനിക്കൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നുമുള്ള മനോഭാവമാണ് പിണറായി വിജയനുള്ളത്. പാർട്ടി ഇനി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ല. ജില്ലാ സെക്രട്ടറിയെക്കൊണ്ട് തനിക്കെതിരെ പൂരപ്പാട്ട് പാടിക്കുകയാണ് ചെയ്തത്. പിണറായി വിജയൻ സ്വന്തം മണ്ഡലത്തിലെ കാര്യമല്ലേ ആദ്യം നോക്കേണ്ടതെന്നും അവിടെ ആറ് റൗണ്ടുകളിലും അദ്ദേഹം പിന്നിലായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ പരിഹസിച്ചു. അവിടുത്തെ ജനങ്ങൾ എന്തുകൊണ്ട് പിണറായിക്ക് വോട്ട് നൽകിയില്ലെന്നും അവർക്കും തെറ്റുപറ്റിയെന്ന് എന്തുകൊണ്ടാണ് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. അനുഭവസമ്പത്തുള്ളവർ കനത്ത തോൽവി നേരിടുമ്പോൾ അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. കെ.കെ. രാഗേഷ് വ്യക്തിഹത്യ നടത്താൻ തുനിയുന്നതിന് മുൻപ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമായിരുന്നു. ജില്ലാ സെക്രട്ടറിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, തനിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകളും സ്വന്തം നേരെയാണെന്ന് അദ്ദേഹം ഓർക്കണം. കെ.കെ. രാഗേഷ് പാർട്ടിയിൽ വന്ന കാലത്തെയും ഇപ്പോഴത്തെയും സ്വത്ത് വിവരങ്ങൾ പരിശോധിക്കട്ടെ. തന്റേതും അന്വേഷിക്കാം. കൂടുതൽ കാര്യങ്ങൾ തന്നെക്കൊണ്ട് പറയിപ്പിക്കാൻ ജില്ലാ സെക്രട്ടറി ഇടയാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും തന്നെ വ്യക്തിഹത്യ ചെയ്തതുകൊണ്ട് പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. വീണ ടിക്കെതിരായ ഇ.ഡി കേസിനെക്കുറിച്ച് രാഗേഷോ പിണറായിയോ ഒരക്ഷരം മിണ്ടിയില്ല. അത് പൊതുജനങ്ങളോട് വിശദീകരിക്കേണ്ടതല്ലേ? ആടിനെ പട്ടിയാക്കുന്ന സമീപനമാണ് നേതൃത്വത്തിന്റേത്. പാർട്ടിയിലെ ഉയർന്ന പദവികൾ ദുരുപയോഗം ചെയ്ത് പണം തട്ടിയവരാണ് യഥാർത്ഥ വർഗ്ഗവഞ്ചകരെന്നും ഗോവിന്ദൻ തുറന്നടിച്ചു.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോൾ കെ.കെ. രാഗേഷ് മുൻപ് ഏതെങ്കിലും ബ്രാഞ്ചിലോ ഏരിയയിലോ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് ഗോവിന്ദൻ ചോദിച്ചു. മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ട ആളാണ് രാഗേഷ്. എം.പി തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ച് പരാജയപ്പെട്ടതിലൂടെത്തന്നെ അദ്ദേഹത്തിന്റെ ജനസമ്മിതി വ്യക്തമായതാണ്. ആരുടെയൊക്കെ കാലുപിടിച്ചാണ് അദ്ദേഹം രാജ്യസഭാ എം.പിയായത്? പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും തുടർന്ന് ജില്ലാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്തിനാണ് അദ്ദേഹത്തെ മാറ്റിയതെന്നും എം.എൽ.എ ചോദിച്ചു.

പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനായി കണ്ണൂർ സർവകലാശാല വി.സിക്ക് കാലാവധി നീട്ടിനൽകിയതടക്കം നാട്ടിൽ പാട്ടായ കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. പലരെക്കുറിച്ചുമുള്ള കഥകൾ തനിക്കറിയാമെങ്കിലും അത് പറയിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പള്ളി വികാരികളെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് പ്രസംഗിച്ച ആളാണ് കെ.കെ. രാഗേഷ്. സ്വന്തം മക്കളുടെ കാര്യം വന്നപ്പോൾ എന്താണ് ചെയ്തതെന്ന് അന്വേഷിച്ചാൽ മതിയാകും. താൻ എന്നും കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്ന ആളാണെന്നും ആരെക്കുറിച്ചും എന്തും വിളിച്ച് പറയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്നെക്കൊണ്ട് എല്ലാം പറയിപ്പിക്കാനാണ് കെ.കെ. രാഗേഷിന്റെ ഈ ഉറഞ്ഞുതുള്ളൽ. ഇവരെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് പിണറായി വിജയന് കഴിയാത്തത്? തെറ്റ് കണ്ടാൽ തിരുത്തിച്ചിരുന്ന പഴയ പിണറായി വിജയൻ ഇപ്പോൾ തെറ്റുകൾക്ക് നേതൃത്വം നൽകുന്നയാളായി മാറിയോ എന്നും ടി.കെ. ഗോവിന്ദൻ ചോദിച്ചു.

Tags:#tk govindhan#kk ragesh
Advertisement

Related News

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; ശക്തമായ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; ശക്തമായ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മുസ്ലിം ലീഗിനുള്ളിൽ കടുത്ത അതൃപ്തി; പ്രസ്താവന തിരിച്ചടിയായേക്കുമെന്ന് ആശങ്ക

കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മുസ്ലിം ലീഗിനുള്ളിൽ കടുത്ത അതൃപ്തി; പ്രസ്താവന തിരിച്ചടിയായേക്കുമെന്ന് ആശങ്ക

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; രാത്രി 7 മുതൽ 12 വരെയുള്ള സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാം

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; രാത്രി 7 മുതൽ 12 വരെയുള്ള സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാം

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് ഒഴിവാക്കി; സുരക്ഷാ ഉദ്യോഗസ്ഥർക്കായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നു

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് ഒഴിവാക്കി; സുരക്ഷാ ഉദ്യോഗസ്ഥർക്കായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നു

പ്രതിപക്ഷ ഉപനേതൃസ്ഥാനം: 'പിണറായി വിജയനുമായി ചർച്ചയ്ക്കില്ല, രേഖാമൂലം വിശദീകരണം നൽകണം'; കടുത്ത നിലപാടിൽ സി.പി.ഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം: 'പിണറായി വിജയനുമായി ചർച്ചയ്ക്കില്ല, രേഖാമൂലം വിശദീകരണം നൽകണം'; കടുത്ത നിലപാടിൽ സി.പി.ഐ

Comments

Add a Comment

Our Channels

'പിണറായിക്ക് തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ഭാവം, കെ.കെ. രാഗേഷ് മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടയാൾ'; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ | Malayali Media