തിരുവനന്തപുരം: കേരളത്തിൽ ഇന്നും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ ഭാഗികമായ തടസ്സം നേരിടാൻ സാധ്യതയുള്ളത്. ഉപഭോക്താക്കൾക്ക് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി ലഭിക്കാതിരുന്നേക്കാം.
പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് നിലവിലുള്ളതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ദേശീയ തലത്തിലുണ്ടായ വൈദ്യുതി ദൗർലഭ്യത്തെ തുടർന്ന് ഇന്നലെയും കേരളത്തിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉപഭോഗം കുത്തനെ ഉയർന്നതും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതുമാണ് രാജ്യവ്യാപകമായ ഈ പ്രതിസന്ധിക്ക് വഴിവെച്ചത്. തലേദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ ആകെ വൈദ്യുതി ആവശ്യം ഏകദേശം 5 ജിഗാവാട്ട് (GW) വർദ്ധിക്കുകയും, ഇന്നലെ രാവിലെ 10:45-ഓടെ ഇത് 255 ജിഗാവാട്ടിലേക്ക് എത്തുകയും ചെയ്തതായി ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ പുറപ്പെടുവിച്ച അടിയന്തര സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാത്രം ആവശ്യകതയിൽ 1.5 ജിഗാവാട്ടിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സൗരോർജ്ജം ലഭ്യമല്ലാത്ത സമയങ്ങളിലും (നോൺ-സോളാർ അവേഴ്സ്) ഇത്തരത്തിൽ ഉയർന്ന ഡിമാൻഡ് തുടരാൻ സാധ്യതയുണ്ടെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ.





