തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി എൽ.ഡി.എഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, പിണറായി വിജയനുമായി നേരിട്ടുള്ള സമവായ ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടുമായി സി.പി.ഐ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അല്ലെങ്കിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരുമായി മാത്രമേ വിഷയത്തിൽ ചർച്ചയ്ക്ക് ഇരിക്കുകയുള്ളൂവെന്നാണ് സി.പി.ഐ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സമർപ്പിച്ച കത്തിന്മേൽ മുന്നണി നേതൃത്വം ആദ്യം രേഖാമൂലം മറുപടി തരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഈ മറുപടി നൽകേണ്ടത് സി.പി.ഐ.എം സെക്രട്ടറിയോ മുന്നണി കൺവീനറോ ആയിരിക്കണം. ഔദ്യോഗികമായി രേഖാമൂലമുള്ള പ്രതികരണം ലഭിച്ചതിനുശേഷം മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്ന ധാരണയിലാണ് സി.പി.ഐ നേതാക്കൾ എത്തിയിട്ടുള്ളത്.
സി.പി.ഐ.എം എന്ന പാർട്ടിയെ ഒന്നാകെ എതിർക്കുന്നതിന് പകരം, പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളാണ് സി.പി.ഐ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപനേതൃപദവി സംബന്ധിച്ച് കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകുമെന്ന് സി.പി.ഐ.എം കേന്ദ്രങ്ങൾ അറിയിച്ചതിന് പിന്നാലെയാണ്, ആ ചർച്ചകളിൽ പിണറായി വിജയൻ പങ്കാളിയാകരുതെന്ന് സി.പി.ഐ കർശന ഉപാധി വെച്ചത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് അനുവദിക്കണമെന്ന് കാട്ടി സി.പി.ഐ നേതൃത്വം നേരത്തെതന്നെ കത്ത് കൈമാറിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് മുന്നണി മര്യാദയെന്നും രാഷ്ട്രീയ മാന്യതയെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആർക്കും നൽകാതെ ഒഴിഞ്ഞുകിടത്താനാണ് സി.പി.ഐ.എം ആലോചിക്കുന്നതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും ധാരണ രൂപപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ടെങ്കിലും സി.പി.ഐയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. പദവി ഒഴിച്ചിടാനാണ് തീരുമാനമെങ്കിൽപ്പോലും, ആ വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റോ എൽ.ഡി.എഫോ രേഖാമൂലം തന്നെ അറിയിക്കണം എന്നാണ് സി.പി.ഐയുടെ നിലപാട്. ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷം മാത്രം അടുത്ത ഘട്ട തീരുമാനങ്ങളിലേക്ക് കടക്കാനാണ് പാർട്ടിയുടെ നീക്കം.





