ആലപ്പുഴ: തുടർച്ചയായി പത്തുവർഷം ഭരണത്തിലിരുന്നപ്പോൾ പാർട്ടി പ്രവർത്തകർക്കിടയിൽ അഹങ്കാരം വർദ്ധിച്ചിരുന്നുവെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് തുറന്നുസമ്മതിച്ചു. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന തരത്തിലുള്ള ഭാവമായിരുന്നു പലർക്കും. പൊതുജനങ്ങളുടെ വികാരം കൂടി മുഖവിലക്കെടുത്തുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൂരനാട് സമരത്തിന്റെ സ്മരണാർത്ഥം മണയ്ക്കാട് ജംഗ്ഷന് സമീപം നിർമ്മിക്കുന്ന സി.പി.ഐ.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
പൊതുജനങ്ങൾക്ക് മുൻപിൽ എപ്പോഴും വിനയത്തോടെ നിൽക്കാൻ നേതാക്കളും പ്രവർത്തകരും തയ്യാറാകണമെന്ന് തോമസ് ഐസക് ഓർമ്മിപ്പിച്ചു. ജനങ്ങൾ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ലെങ്കിലും അവർ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാട്ടണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകിയത് വലിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. കനത്ത പരാജയമാണ് പാർട്ടി നേരിട്ടത്. ഈ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ അതിരൂക്ഷമായ തെരഞ്ഞെടുപ്പ് പരാജയത്തിലൂടെയാണ് പാർട്ടി ഇപ്പോൾ കടന്നുപോകുന്നത്. ഇടതുപക്ഷത്തിന് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ലേ എന്നും, ആ വ്യാജപ്രചാരണം വഴിയല്ലേ പാർട്ടിയുടെ കുറേയേറെ വോട്ടുകൾ തട്ടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
സഹകരണ ബാങ്കുകളിലുണ്ടായ ക്രമക്കേടുകൾ അടക്കമുള്ള സംഭവങ്ങൾ തിരിച്ചടിയായിട്ടുണ്ടെന്നും തെറ്റുകൾ പൂർണ്ണമായി തിരുത്തപ്പെടണമെന്നും ഐസക് ആവശ്യപ്പെട്ടു. പാർട്ടിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടണം. ജനങ്ങൾ പാർട്ടിയെ വെറുക്കുകയോ എഴുതിത്തള്ളുകയോ ചെയ്തിട്ടില്ല. വിജയത്തിനായി ജാതിയും മതവുമെല്ലാം യു.ഡി.എഫ് തന്ത്രപരമായി ഉപയോഗിക്കുകയാണുണ്ടായത്. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് ഗംഭീര വിജയം സ്വന്തമാക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.





