ആലപ്പുഴ: മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ടുപേർ അപകടസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ബൈക്കിന്റെ യഥാർത്ഥ ഉടമസ്ഥനെ പോലീസ് കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു. വാഹനം മറ്റൊരാളുടെ പക്കലായിരുന്നു എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഏത് സമയത്താണ് ബൈക്ക് മോഷണം പോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഈ വാഹനാപകടത്തിന് തൊട്ടുമുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടാകാമെന്ന സംശയം പോലീസിനുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് 25 പാക്കറ്റ് സിഗരറ്റുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.





