മലപ്പുറം: സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തെ പിന്തുണച്ച് ഇ.കെ വിഭാഗം സമസ്തയുടെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്ത്യയിൽ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ നിലപാടുകൾ പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്നും, അത് ഉൾക്കൊള്ളാൻ താല്പര്യമുള്ളവർക്ക് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ ആ കാര്യങ്ങൾ കാലോചിതമല്ലെന്ന് കുറ്റപ്പെടുത്തി പരിഹസിക്കുകയല്ല വേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അത്തരത്തിൽ പ്രതികരിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ മതവിഭാഗങ്ങൾക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇന്ത്യ അങ്ങനെയുള്ളൊരു വൈവിധ്യപൂർണ്ണമായ രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ ഒരു മതത്തിന്റെ ആചാരങ്ങളെയും ആരും ചോദ്യം ചെയ്യരുത്, അങ്ങനെ എതിർക്കാൻ അനുവദിക്കുകയുമില്ല. പവിത്രമായ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറ്റത്തിന് വിധേയമല്ലെന്നും മാറ്റേണ്ട കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇതിനുപുറമെ, കാന്തപുരത്തിന്റെ വാക്കുകളെ അനുകൂലിച്ച് ഇ.കെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തി. കാന്തപുരം വിശദീകരിച്ച മതവിധികളെ വളച്ചൊടിച്ച് ചിത്രീകരിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ പലരും വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്. സ്ത്രീകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും ആധുനിക യുഗത്തിന് യോജിച്ച ധാർമ്മിക സംവിധാനങ്ങൾക്ക് മുൻകൈയെടുക്കുന്നവരാണ് കാന്തപുരം ഉൾപ്പെടെയുള്ള മതപണ്ഡിതരെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി.
സ്ത്രീകളെ വീട്ടുജോലികളിലോ അടുക്കളയിലോ മാത്രം ഒതുക്കിവെയ്ക്കണമെന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ല. പൊതുവിടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം വെറുമൊരു പ്രദർശന വസ്തുവായി മാറരുതെന്നും അവരുടെ സുരക്ഷ സമൂഹം ഉറപ്പാക്കണമെന്നും ഓർമ്മിപ്പിക്കുന്നതിനെ ഒരിക്കലും പുരോഗമനത്തിന് എതിരായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





