കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ അനുകൂലിച്ച കെ.ടി. ജലീൽ ഉൾപ്പെടെയുള്ള നേതാക്കളെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ശക്തമായ വിയോജിപ്പ് പരസ്യമാക്കിയത്. ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഇത്തരം പരാമർശങ്ങൾ തെറ്റല്ലെന്ന് വാദിക്കുകയും, എതിർപ്പുള്ളവർക്ക് വിയോജിക്കാമെന്ന് പറയുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള ഔദാര്യമാണെന്ന് പി.കെ. ശ്രീമതി കുറിപ്പിലൂടെ പരിഹസിച്ചു.
മതപരമായ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്താൻ കാന്തപുരത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, അതിനെ വിയോജിപ്പോടെ സമീപിക്കാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നു കെ.ടി. ജലീൽ മുൻപ് വ്യക്തമാക്കിയത്. മതനിയമങ്ങളെയും ശാസനകളെയും അടിസ്ഥാനമാക്കിയാണ് മതപണ്ഡിതന്മാർ നിലപാടുകൾ വ്യക്തമാക്കാറുള്ളതെന്നും, ആ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ജലീൽ വാദിച്ചിരുന്നു.





