കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആരോപണവിധേയയായ വനിതാ ഡോക്ടർക്ക് സ്ഥലംമാറ്റം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖാ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിനിയമിച്ചത്. നേരത്തെ ഇവരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര നടപടി. കാഷ്വാലിറ്റി സൗകര്യമില്ലാത്ത ആശുപത്രിയിലേക്ക് മാറ്റണമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലെ മെഡിക്കൽ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസം കടുത്ത പനിയും ശരീരവേദനയുമായി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയോടാണ് ഡോക്ടർ കയർത്തു സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അസമയത്ത് ചികിത്സ തേടി വന്നതിനെ ചോദ്യം ചെയ്തുകൊണ്ട് രോഗിയെ പരിഹസിക്കുന്ന തരത്തിലായിരുന്നു ഡോക്ടറുടെ സംസാരം. 'നിശ്ചിത ദിവസത്തേക്ക് തന്നിട്ടുള്ള മരുന്ന് കഴിച്ചുതീരുമ്പോഴേ ഫലം ലഭിക്കൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും, രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് ഇത്ര എമർജൻസി? അർദ്ധരാത്രി കഴിഞ്ഞ് വന്ന് പറയാൻ പറ്റിയ കാര്യമാണോ ഇത്' എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ.
സംഭവം വൻ വിവാദമായതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിന് യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി പരാതി നൽകിയതോടെ സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം താലൂക്ക് ആശുപത്രിയിലെത്തി തെളിവുകൾ ശേഖരിക്കുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ അന്വേഷണ റിപ്പോർട്ടാണ് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചത്. പ്രസ്തുത ഡോക്ടർക്കെതിരെ സമാനമായ ആക്ഷേപങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും, നിലവിൽ രണ്ട് പരാതികളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്.





