പാലക്കാട്: ചേന്തിയിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിതടഞ്ഞ സംഭവത്തെ ആസ്പദമാക്കി പരിഹാസ വീഡിയോയുമായി സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശരീരഭാഷയും പെരുമാറ്റവും അനുകരിച്ചുകൊണ്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് ഈ വീഡിയോയിൽ രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി അവിടെ കാണിച്ച കാര്യങ്ങൾ അതേപടി പുനരവതരിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും, തെരുവിൽ ഒരു ചട്ടമ്പിയെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും വീഡിയോയിലൂടെ ഇ.എൻ. സുരേഷ് ബാബു തുറന്നടിക്കുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും കേരളത്തിൽ ഒരു വാർത്തയായി പോലും വരുന്നില്ലെന്നും, എന്നാൽ ഒരു സി.പി.ഐ.എം നേതാവാണ് ആരോടെങ്കിലും സംസാരിക്കുന്നതെങ്കിൽ അത് അഹങ്കാരമായും ധാർഷ്ട്യമായും വ്യാഖ്യാനിക്കപ്പെടുമെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് ഒരു നീതിയും സി.പി.ഐ.എമ്മിന് മറ്റൊരു നീതിയും എന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും സുരേഷ് ബാബു രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിരുന്നു.





