തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയ സംഭവത്തിൽ മുൻ ഡി.സി.സി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം റോഡിലിറങ്ങി മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് തടഞ്ഞത്. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാദം കനത്തതോടെ ചേന്തി അനിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ വഴിതടയാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്വമേധയാ വാഹനം നിർത്തി പുറത്തിറങ്ങി വരികയാണുണ്ടായതെന്നുമാണ് കോടതിയിൽ ഹാജരാക്കിയ വേളയിൽ അനിൽ വ്യക്തമാക്കിയത്. ഇതിനിടെ, അനിലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരം കേസിൽ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.





