ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവം പൂർത്തിയായി നാളുകൾ പിന്നിട്ടിട്ടും ജേതാക്കൾക്കുള്ള സമ്മാനത്തുക വിതരണം ചെയ്യാത്തത് വള്ളംകളി ക്ലബ്ബുകളെ പെരുവഴിയിലാക്കുന്നു. വാഗ്ദാനം ചെയ്ത സമ്മാനത്തുകയും ബോണസ് തുകയും ലഭിക്കാത്തത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്തും ലക്ഷങ്ങൾ വായ്പയെടുത്തുമൊക്കെയാണ് ഭൂരിഭാഗം സമിതികളും ചുണ്ടൻവള്ളങ്ങളുമായി മത്സരത്തിനിറങ്ങിയത്. എന്നാൽ കുടിശ്ശിക എപ്പോൾ നൽകുമെന്ന കാര്യത്തിൽ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻ.ടി.ബി.സി) കൃത്യമായ മറുപടി നൽകുന്നില്ല.
സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ പ്രത്യേക ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സൊസൈറ്റിയുടെ വിശദീകരണം. ഇത്തവണത്തെ മത്സരത്തിൽ അവസാന പോരാട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവർക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതമാണ് പ്രൈസ് മണിയായി നിശ്ചയിച്ചിരിക്കുന്നത്.
ഒരു ചുണ്ടൻ വള്ളത്തെ മത്സരസജ്ജമാക്കുന്നതിനും മറ്റ് അനുബന്ധ ഒരുക്കങ്ങൾക്കുമായി ഒന്നരക്കോടി മുതൽ രണ്ട് കോടി രൂപ വരെയാണ് ഓരോ ക്ലബ്ബുകൾക്കും ചെലവായത്. ഇത്തവണ 22 ചുണ്ടൻ വള്ളങ്ങളാണ് ജലമേളയിൽ പങ്കെടുത്തത്. ഇതിൽ ഒൻപത് വള്ളങ്ങളാണ് ഫൈനൽ റൗണ്ടിലേക്ക് കടന്നത്. ഒന്നര മാസത്തോളമാണ് തുഴച്ചിൽക്കാർ ക്യാമ്പ് ചെയ്ത് കഠിന പരിശീലനം നടത്തിയത്. വള്ളത്തിന്റെ വാടക, അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കായി വലിയൊരു സംഖ്യ മുൻകൂറായി നൽകേണ്ടിവന്നു. നിത്യച്ചെലവുകൾക്കായി വൻപലിശയ്ക്ക് കടം വാങ്ങിയാണ് പല സമിതികളും ക്യാമ്പുകൾ മുന്നോട്ട് കൊണ്ടുപോയത്. ഭൂരിഭാഗം ക്ലബ്ബുകളും സ്പോൺസർഷിപ്പ് വഴിയും വ്യക്തിഗത വായ്പകൾ വഴിയുമാണ് പണം കണ്ടെത്തിയത്. വിജയികൾക്ക് സമ്മാനമായി നൽകിയ ചെക്കുകളിലെ തുക പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്.
ടൂറിസം വകുപ്പ് വഴി ലഭ്യമാക്കേണ്ട രണ്ട് കോടി രൂപയുടെ ഗ്രാന്റാണ് ഇനിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്ക് കൈമാറാനുള്ളത്. റെക്കോർഡ് ടിക്കറ്റ് വരുമാനമാണ് ഇത്തവണ ജലോത്സവത്തിൽ രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയുടെ ഫാമിലി പാസുകൾ വരെ വിറ്റഴിഞ്ഞതിലൂടെ ടൂറിസം വകുപ്പിന് വൻ വരുമാനം ലഭിച്ചിരുന്നു. മത്സരത്തിലെ പങ്കാളിത്തത്തിന് ആനുപാതികമായി നൽകേണ്ട ബോണസ് തുക നൽകുന്നതിലും യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല. നെഹ്‌റു ട്രോഫി കഴിഞ്ഞതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) തയ്യാറെടുപ്പുകൾ ക്ലബ്ബുകൾക്ക് തുടങ്ങേണ്ടതുണ്ട്. നെഹ്‌റു ട്രോഫിയിൽ ആദ്യ സ്ഥാനങ്ങൾ കൈവരിച്ച ഒൻപത് ചുണ്ടനുകളാണ് സി.ബി.എല്ലിൽ പോരാടേണ്ടത്. എന്നാൽ ഈ ഒൻപത് ചുണ്ടൻ വള്ളങ്ങളുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ടൂറിസം വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.





