കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ആളോട് വനിതാ ഡോക്ടർ മോശമായി സംസാരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) റിപ്പോർട്ട് സമർപ്പിച്ചു. രോഗിയോട് ഡോക്ടർ രേഖാ കൃഷ്ണ സ്വീകരിച്ച സമീപനം ഉചിതമായിരുന്നില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കുന്നു. ഡോക്ടർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാമെന്നും, അത്യാഹിത വിഭാഗം (കാഷ്വാലിറ്റി) പ്രവർത്തിക്കാത്ത മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഇവരെ മാറ്റി നിയമിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായി ചുമതല നിർവഹിക്കുകയായിരുന്നു ഡോ. രേഖാ കൃഷ്ണ. ശരീരവേദനയും കടുത്ത പനിയുമായി രാത്രിയിൽ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോടാണ് ഡോക്ടർ ദേഷ്യപ്പെട്ട് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ വഴി പ്രചരിച്ചിരുന്നു. അർദ്ധരാത്രിയിൽ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടർ, രോഗിയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നത് ഇതിൽ വ്യക്തമായിരുന്നു. മരുന്ന് നിശ്ചയിച്ച ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ ഫലം ലഭിക്കൂ എന്നും ഇതൊന്നും മന്ത്രവാദമല്ലെന്നും പറഞ്ഞ ഡോക്ടർ, ശരീരവേദന രണ്ട് ദിവസത്തിനകം മാറുമെന്നിരിക്കെ ഇതിലെന്താണ് അത്യാഹിതമുള്ളതെന്നും പാതിരാത്രിയിൽ വന്ന് പരാതിപ്പെടേണ്ട കാര്യമാണോ ഇതെന്നും കയർത്തു സംസാരിക്കുകയായിരുന്നു.
സംഭവം വലിയ ചർച്ചയായതോടെ ഡോക്ടർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. ഡോക്ടർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി സമർപ്പിച്ചതിനെത്തുടർന്നാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
തുടർന്ന് ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിശോധനകൾക്ക് ശേഷമാണ് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചത്. ഈ ഡോക്ടർക്കെതിരെ സമാനരീതിയിലുള്ള മറ്റ് പരാതികൾ മുമ്പും ഉയർന്നിരുന്നുവെന്നും, ഇതിൽ രണ്ട് പരാതികളിൽ നിലവിൽ വിജിലൻസ് തലത്തിലുള്ള അന്വേഷണം തുടരുകയാണെന്നും വിവരമുണ്ട്. ഇതിനിടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.





