കൊച്ചി: ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പരിസരങ്ങളിലോ മദ്യപിച്ച് എത്തുന്നവർക്കെതിരെ അച്ചടക്ക-ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ റെയിൽവേയ്ക്കുള്ള അധികാരം ശരിവെച്ച് കേരള ഹൈക്കോടതി. ഇത്തരക്കാരെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്താക്കാനും ശിക്ഷ ഉറപ്പാക്കാനും അനുമതി നൽകുന്ന 1989-ലെ റെയിൽവേ നിയമത്തിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഈ വകുപ്പ് റദ്ദാക്കണമെന്നും പ്രയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് എത്തിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.
റെയിൽവേ നിയമത്തിലെ ഈ വ്യവസ്ഥ നിയമപരമായി നിലനിൽക്കുന്ന ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നുന്ന യാത്രക്കാരെ അവരുടെ ശാരീരിക ലക്ഷണങ്ങളും പൊതുപെരുമാറ്റവും നിരീക്ഷിച്ച് പ്രാഥമികമായി വിലയിരുത്താവുന്നതാണ്. ആവശ്യമായ ഘട്ടങ്ങളിൽ ബ്രെത്ത് അനലൈസർ വഴിയുള്ള പരിശോധന നടത്താം. കേസിന്റെ തുടർനടപടികളുടെ ഭാഗമായി മെഡിക്കൽ പരിശോധന നടത്താനും വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം, യാത്രാസൗകര്യം, ട്രെയിനിലെ പൊതുസമാധാനം എന്നിവ ഉറപ്പാക്കാനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഈ അധികാരം ദുരുപയോഗം ചെയ്താൽ അതിനെതിരെ നിയമവഴി തേടാൻ ഏതൊരു പൗരനും അവകാശമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
ടൂർ ആൻഡ് ട്രാവൽസ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ കെ.എൻ. ശാസ്ത്രി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മദ്യപിച്ച അവസ്ഥയെക്കുറിച്ച് നിയമത്തിൽ കൃത്യമായ നിർവചനമില്ലാത്തതിനാൽ ഇത് റെയിൽവേ പോലീസിന് പരിധിയില്ലാത്ത അധികാരം നൽകുന്നുവെന്നും, വളരെ ചെറിയ തോതിൽ മാത്രം മദ്യം കഴിച്ച സാധാരണക്കാരായ യാത്രക്കാർ പോലും ഇതുവഴി വേട്ടയാടപ്പെടുന്നു എന്നുമായിരുന്നു ഹർജിക്കാരൻ ഉന്നയിച്ച പ്രധാന വാദം.
എന്നാൽ, ഓടുന്ന ട്രെയിനിലോ റെയിൽവേ പ്ലാറ്റ്‌ഫോമിലോ വെച്ച് ഒരാളുടെ രക്തപരിശോധന ഉടനടി നടത്തുക എന്നത് പ്രായോഗികമല്ലാത്തതിനാൽ, ബ്രെത്ത് അനലൈസർ വഴിയുള്ള പരിശോധനയും അതിനെത്തുടർന്ന് യാത്രക്കാരനെ പുറത്താക്കുന്നതും ന്യായമായ നടപടി മാത്രമാണ്. മദ്യപിച്ച വ്യക്തിയെ കൃത്യമായി തിരിച്ചറിയാൻ റെയിൽവേ ബോർഡ് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ (സെക്യൂരിറ്റി സർക്കുലർ നമ്പർ 02/2023) പുറത്തിറക്കിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. സംസാരരീതി, കണ്ണുകൾ, പെരുമാറ്റദൂഷ്യങ്ങൾ, ശാരീരിക നിലപാടുകൾ എന്നിവ പരിശോധിക്കാൻ ഇതിൽ വ്യവസ്ഥയുണ്ട്. അതിനാൽ ഉദ്യോഗസ്ഥർക്ക് ദുരുപയോഗം ചെയ്യാൻ തക്ക അധികാരം നിയമം നൽകുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. ഒരു നിയമം നടപ്പാക്കുന്നതിലുണ്ടാകുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി അതിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ലെന്നും, പൊതുജനതാൽപ്പര്യത്തിനും സഹയാത്രക്കാരുടെ സുരക്ഷയ്ക്കും ഇത്തരം നിബന്ധനകൾ അനിവാര്യമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.





