തിരുവനന്തപുരം: സി.സി.ടി.വി ക്യാമറ ടെൻഡർ അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് അന്വേഷണസംഘം പരിശോധന നടത്തി. വിജിലൻസ് എസ്.പിയുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ ടെൻഡറുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളും രേഖകളും ഉദ്യോഗസ്ഥർ ശേഖരിച്ചു. ഒരു പ്രത്യേക കമ്പനിക്ക് കരാർ ഉറപ്പാക്കുന്നതിനായി ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തിയെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രേഖാമൂലമുള്ള പരാതിയിലാണ് ഈ നിർണ്ണായക നടപടി.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ സി.സി.ടി.വിയും സുരക്ഷാ അലാറങ്ങളും ഘടിപ്പിക്കുന്നതിനാണ് അധികൃതർ കരാർ ക്ഷണിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ 317 ശാഖകളിൽ സി.സി.ടി.വി ക്യാമറകളും 149 ബ്രാഞ്ചുകളിൽ അലാം സൗകര്യങ്ങളും സജ്ജീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച ഒരു സ്ഥാപനത്തിന് തന്നെ കരാർ ലഭിക്കാൻ തക്കവിധം ക്രമക്കേടുകൾ നടത്തിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ബാങ്കിന്റെ ആകെ 823 ശാഖകളിൽ 317 എണ്ണത്തിലും ആവശ്യമായ നിരീക്ഷണ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ബാങ്ക് അധികൃതർ ടെൻഡർ നടപടികൾ ആരംഭിച്ചത്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും കർശന മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തിയാണ് പർച്ചേസ് നടത്തുന്നതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഉച്ചയോടുകൂടിയാണ് വിജിലൻസ് സംഘം ബാങ്ക് ആസ്ഥാനത്തെത്തി പരിശോധനകൾ ആരംഭിച്ചത്.





